Asianet News MalayalamAsianet News Malayalam

ബലേനോക്ക് പിന്നാലെ ബ്രസയും ടൊയോട്ടയുടെ 'കുപ്പിയിലേക്ക്', പുതിയ പേരിന് പേറ്റന്‍റ് നേടി കമ്പനി!

ഇന്ത്യയില്‍ അര്‍ബന്‍ ക്രൂസര്‍ എന്ന ബ്രാന്‍ഡ് നാമത്തിന് ട്രേഡ്മാര്‍ക്ക് അവകാശം നേടി ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍

Toyota Trademarks Urban Cruiser Name
Author
Mumbai, First Published May 1, 2020, 2:38 PM IST

ഇന്ത്യയില്‍ അര്‍ബന്‍ ക്രൂസര്‍ എന്ന ബ്രാന്‍ഡ് നാമത്തിന് ട്രേഡ്മാര്‍ക്ക് അവകാശം നേടി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍. മാരുതി സുസുക്കി വിറ്റാര ബ്രെസ റീബാഡ്‍ജ് ചെയ്‍ത് ടൊയോട്ട പുറത്തിറക്കുന്ന വാഹനത്തിന് അര്‍ബന്‍ ക്രൂസര്‍ എന്ന പേര് നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനമായിരിക്കും ടൊയോട്ട സുസുക്കി സംയുക്ത സംരംഭത്തില്‍നിന്ന് പുറത്തുവരുന്ന രണ്ടാമത്തെ ക്രോസ് ബാ‍ഡ്‍ജ് ഉല്‍പ്പന്നം. ആദ്യ മോഡല്‍ ഗ്ലാന്‍സ എന്ന പേരില്‍ എത്തിയ ബലേനോ ആയിരുന്നു. 

അന്താരാഷ്ട്ര വിപണികളിലെ സ്വന്തം നെയിംപ്ലേറ്റുകള്‍ ഇന്ത്യയില്‍ ടൊയോട്ട ഉപയോഗിക്കുന്നതായി ഈയിടെ കാണാന്‍ കഴിയും. മാരുതി സുസുകി ബലേനോ അടിസ്ഥാനമാക്കി വിപണിയിലെത്തിച്ച ടൊയോട്ട ഗ്ലാന്‍സ തന്നെ ഉദാഹരണം. ആഗോള വിപണികളില്‍ ഗ്ലാന്‍സ എന്ന പേരിലാണ് 90 സീരീസ് ടൊയോട്ട സ്റ്റാര്‍ലെറ്റ് മോഡലിന്റെ സ്‌പോര്‍ട്ടി വേര്‍ഷന്‍ വിപണനം ചെയ്തിരുന്നത്. അര്‍ബന്‍ ക്രൂസര്‍ എന്ന പേരിലേക്ക് വന്നാല്‍, ഈ ബ്രാന്‍ഡ് നാമത്തിലാണ് യൂറോപ്യന്‍ വിപണികളില്‍ രണ്ടാം തലമുറ ‘ടൊയോട്ട ഇസ്റ്റ്’ ക്രോസ്ഓവര്‍ വിറ്റിരുന്നത്.

ലാന്‍ഡ് ക്രൂസര്‍ എന്ന പേരില്‍ ടൊയോട്ട തങ്ങളുടെ പതാകവാഹക സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനം വിപണനം ചെയ്യുന്നത് നമുക്കറിയാം. ലാന്‍ഡ് ക്രൂസറിന്റെ പൈതൃകം ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ അര്‍ബന്‍ ക്രൂസര്‍ അവതരിപ്പിക്കാനാണ് ടൊയോട്ട തയ്യാറെടുക്കുന്നത്. അര്‍ബന്‍ ക്രോസ്ഓവറാണ് വിറ്റാര ബ്രെസ എന്നതിനാല്‍ ടൊയോട്ടയുടെ പുതിയ മോഡലിന് അര്‍ബന്‍ ക്രൂസര്‍ എന്ന പേര് അനുയോജ്യമായിരിക്കും.

1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനായിരിക്കും മാരുതി വിറ്റാര ബ്രെസയുടെ ടൊയോട്ട പതിപ്പിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 103.5 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

മാരുതി സുസുകി വിറ്റാര ബ്രെസ കൂടാതെ ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര എക്‌സ് യുവി 300, വരാനിരിക്കുന്ന കിയ സോണറ്റ് എന്നിവ വിപണിയില്‍ എതിരാളികളായി മല്‍സരിക്കും. വാഹനം ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസ 2019 ജൂണിലാണ് വിപണിയിൽ എത്തിയത്. വളരെപ്പെട്ടെന്നു തന്നെ ടൊയോട്ടയുടെ ലൈനപ്പിലെ ഏറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നായി മാറാൻ ഗ്ലാൻസയ്ക്കു കഴിഞ്ഞു. ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ധാരണ പ്രകാരം എർട്ടിഗ, ആൾട്ടിസ് തുടങ്ങിയ വാഹനങ്ങളും റീ ബാഡ്ജ് ചെയ്ത് ഉടൻ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios