Asianet News MalayalamAsianet News Malayalam

ആഡംബര യാത്രക്ക് വെല്‍ഫയര്‍ എത്തി

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ആഡംബര എംപിവി വെല്‍ഫയര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന് 79.5 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ എക്‌സ്‌ഷോറൂം വില. 

Toyota Vellfire Launched
Author
Mumbai, First Published Feb 28, 2020, 8:28 PM IST

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ആഡംബര എംപിവി വെല്‍ഫയര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന് 79.5 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ എക്‌സ്‌ഷോറൂം വില. ഇറക്കുമതി ചെയ്‍ത വാഹനങ്ങളുടെ പ്രാദേശിക സർട്ടിഫിക്കേഷൻ വ്യവസ്ഥകളിൽ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് വാഹനം ഇന്ത്യയിലെത്തുന്നത്.  വെല്‍ഫയര്‍ എംപിവിയുടെ ബുക്കിങ്ങ് കമ്പനി മുമ്പുതന്നെ ആരംഭിച്ചിരുന്നു.

2018ലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ച അല്‍ഫാര്‍ഡിന്റെ സ്‌പോര്‍ട്ടിയര്‍ വകഭേദമാണ് വെല്‍ഫെയര്‍. പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വാഹനത്തില്‍. 150 ബിഎച്ച്പി കരുത്തേകുന്ന 2.5 ലിറ്റര്‍ എന്‍ജിനൊപ്പം 143 ബിഎച്ച്പി കരുത്ത് പകരുന്ന ഇലക്ട്രിക് മോട്ടോറാണ് വെല്‍ഫയറിന്‍റെ ഹൃദയം. സിവിടിയാണ് ട്രാന്‍സ്‍മിഷന്‍. വിദേശത്ത് നിരവധി സീറ്റിങ് ഓപ്ഷനില്‍ വെല്‍ഫയര്‍ ലഭ്യമാണെങ്കിലും ആറ് സീറ്റര്‍ വകഭേദമായിരിക്കും ഇന്ത്യയിലെത്തുക. 

സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ എന്ന എന്ന വിശേഷണത്തോടെയാണ് വാഹനത്തിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഇന്നോവ ക്രിസ്റ്റയുടെ പരിഷ്കരിച്ച പതിപ്പെന്ന് തോന്നിക്കുന്നതാണ് വാഹനത്തിന്റെ ഡിസൈൻ. എന്നാൽ ഇന്നോവയിൽ നിന്നും വലിയ മാറ്റങ്ങളാണ് ഡിസൈനിലുള്ളത്. 

രൂപത്തില്‍ അല്‍ഫാര്‍ഡിന് സമാനമാണ് വെല്‍ഫയര്‍. അല്‍പ്പം സ്പോര്‍ട്ടി ഭാവത്തില്‍ ബോക്‌സി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.  സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍, , 17 ഇഞ്ച് അലോയി വീല്‍  എന്നിവ വെല്‍ഫയറിനെ അല്‍ഫാര്‍ഡില്‍ നിന്ന് വ്യത്യസ്തനും സ്പോര്‍ട്ടിയും ആക്കും.

വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്.  സുഖയാത്രയാണ് ടൊയോട്ട വെല്‍ഫയറിന്റെ മുഖമുദ്ര. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി,  360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം. ജെബിഎല്ലിന്റെ 17 സ്പീക്കറുകള്‍ എന്നിവുണ്ട്.

പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്‌റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകളാണ് മധ്യനിരയില്‍. റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവ ആഡംബര ഭാവം ഉയര്‍ത്തും.  ബ്ലാക്ക്- വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്.  7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയും വെല്‍ഫയറിലുണ്ട്. 

പൂര്‍ണമായി നിര്‍മിച്ച്‌ ഇറക്കുമതി വഴിയാണ് വെല്‍ഫെയര്‍ ഇന്ത്യയിലെത്തുക. മെഴ്‌സിഡിസ് ബെന്‍സ് വി ക്ലാസാണ് വെല്‍ഫയറിന്റെ മുഖ്യ എതിരാളി. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios