ദില്ലി: ഒരുവര്‍ഷം രാജ്യത്ത് ട്രക്ക്-ലോറി ഉടമകളും ഡ്രൈവർമാരും നൽകുന്ന കൈക്കൂലി ശരാശരി 47,852 കോടിരൂപ എന്ന് റിപ്പോര്‍ട്ട്.  സേവ് ലൈഫ് ഫൗണ്ടേഷനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പൊലീസ്, ആർ.ടി.ഒ., ചെക്‌പോസ്റ്റ്, നികുതിയുദ്യോഗസ്ഥർ, വഴിയിലുള്ള ഗുണ്ടാപ്പിരിവുകാർ എന്നിവർക്കെല്ലാംകൂടി നൽകേണ്ടിവരുന്നതാണ് ഈ പണം.  

ഒരുവർഷം ഒരു ട്രക്കിന്റെ കൈക്കൂലി 79,920 രൂപ. 36 ലക്ഷം ട്രക്കുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. മൂന്നിൽ രണ്ടു ഡ്രൈവർമാരും ഹൈവേ പോലീസിനു കൈക്കൂലി നൽകുന്നുണ്ട്. ട്രാഫിക് പോലീസിനുള്ള കൈമടക്ക് 849 രൂപയാണ്. ഗുവാഹാട്ടിയിലാണ് ഇത് ഏറ്റവും കൂടുതൽ; 1217 രൂപ. കുറവ് വിജയവാഡയിലും; 122 രൂപ. ആർ.ടി.ഒ. ഉദ്യോഗസ്ഥർക്ക് നൽകേണ്ടിവരുന്ന ശരാശരി കൈക്കൂലി 1,172 രൂപയാണ്. വിവിധ നഗരമേഖലകളിൽ 571 മുതൽ 2,386 രൂപവരെയാണ് ഈയിനത്തിൽ വേണ്ടിവരുന്ന കൈക്കൂലി എന്നും പഠനറിപ്പോർട്ട് പറയുന്നു. റോഡ് സുരക്ഷിതത്വ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സേവ് ലൈഫ് ഫൗണ്ടേഷന്‍. 

ട്രക്ക് ഡ്രൈവർമാർ നൽകുന്ന കൈക്കൂലി സംബന്ധിച്ച് ഒടുവിൽ പഠനം നടന്നത് 2006-07 ലാണ്. അന്ന് 22,048 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. ഒരു ഡ്രൈവർ ഏറ്റവുമൊടുവിലത്തെ ട്രിപ്പിൽ നൽകുന്ന കൈക്കൂലിയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ദേശീയതലത്തിലുള്ള തുക കണക്കാക്കിയത്.

കിലോമീറ്റർ അടിസ്ഥാനത്തിൽ നോക്കുമ്പോൾ 53 പൈസയാണ് ഒരു ട്രക്കിന് കൈക്കൂലി കൊടുക്കേണ്ടി വരുന്നത്. 2006-ൽ ഇത് 70 പൈസയായിരുന്നു. ദിവസം ശരാശരി 417 കിലോമീറ്റർ ഓടുന്നുണ്ട്. ആ നിലയ്ക്ക് ഒരു ട്രക്ക് ഡ്രൈവർ/ഉടമ ദിവസം 222 രൂപയാണ് കൈക്കൂലി കൊടുക്കുന്നത് . 2006-ൽ ഇത് 235 രൂപ ആയിരുന്നു.