മഴക്കാലമാണ്. നനഞ്ഞതും വെള്ളം നിറഞ്ഞതുമായ റോഡുകളെയാണ് ഈ കാലത്ത് ഡ്രൈവര്‍മാര്‍ നേരിടേണ്ടി വരിക. നനവുള്ള റോഡുകള്‍ പലപ്പോഴും പേടി സ്വപ്‍നമാണ്. ഇത്തരം റോഡുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് നഷ്‍ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത കൂടുതലാണ്. ചെറിയൊരു അശ്രദ്ധമതിയാകും വലിയൊരു അപകടം സംഭവിക്കാന്‍. അടുത്തിടെ കാഞ്ഞങ്ങാടു നടന്ന ഇത്തരമൊരപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ജീവനാണ് നഷ്‍ടമായത്. ഈ  സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന മറ്റൊരു വീഡിയോ കൂടി കാണാം. മഴയത്ത് റോഡില്‍ തെന്നിനീങ്ങുന്ന ഒരു ബസിന്‍റേതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍. 

കഴിഞ്ഞദിവസം മലപ്പുറത്തു നിന്ന് പുറത്തുവന്നതാണ് ഈ വീഡിയോ. മലപ്പുറം തിരൂരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബം ഒരു ബസില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നടുവിലങ്ങാടി സ്വദേശി പിഎസ് അഹ്‍നാഫും ഭാര്യയും 10 മാസം പ്രായമായ കുഞ്ഞുമാണ് അപകടത്തിൽ നിന്ന് കഷ്‍ടിച്ച് രക്ഷപ്പെട്ടത്. മഴയത്ത് അമിത വേഗത്തിലെത്തിയ ബസ് നനഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിടുന്നതും പിന്‍ഭാഗം തെന്നിനീങ്ങി കാറിനു സമീപത്തേക്ക് വീശിവരുന്നതും വീഡിയോയില്‍ കാണാം.

മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്ന ബസ് മുന്നിലെ വാഹനത്തെ കണ്ട് ബ്രേക്ക് പിടിച്ചതാണ് അപകടകാരണം. മഴപെയ്‍ത് നനഞ്ഞ റോഡിൽ പിന്‍ഭാഗം തെന്നി നീങ്ങിയ ബസ് കാറിന് തൊട്ടു മുന്നിൽ വന്നാണ് നിന്നത്. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായതെന്ന വീഡിയോ വ്യക്തമാക്കുന്നു. കാറിലുണ്ടായിരുന്ന സ്‍ത്രീയുടെ നിലവിളിയും പ്രാർത്ഥനകളും വീഡിയോയിൽ കേള്‍ക്കാം. 

മഴക്കാലത്താണ് ഇത്തരം അപകടങ്ങളില്‍ ഏറെയും നടക്കുന്നത്. എന്നാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ അപകട സാധ്യത കുറയ്ക്കാം.

1. മഴക്കാലത്ത് ഇരു കൈകളും ഉപയോഗിച്ച് പരമാവധി വാഹനമോടിക്കാന്‍ ശ്രദ്ധിക്കുക
2. വാഹനങ്ങളുടെ വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം
3. മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക
4. വളവുകളി‍ല്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക
5. നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക
6. വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക
7. ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക
8. ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക
9.ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം
10.നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ മാര്‍ഗം