ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ സിസ്റ്റം എന്നിവ നല്‍കിയേക്കും എന്ന് റിപ്പോര്‍ട്ട്. 

ഏറ്റവും കുറഞ്ഞത് ഒന്നോ രണ്ടോ ഭാവി മോഡലുകളില്‍ ഈ കണ്ടക്റ്റഡ് ഫീച്ചറുകള്‍ അവതരിപ്പിക്കാനാണ് സാധ്യത എന്നാണ് സൂചന. ടിവിഎസ്, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങി ഏതാനും മോട്ടോര്‍സൈക്കിള്‍ കമ്പനികള്‍ ഇതിനകം ഇത്തരം ഫീച്ചറുകളായി വിപണിയിലുണ്ട്. ഇതിനു പിന്നാലെയാണ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ നീക്കവും. 

റൈഡര്‍ക്ക് ബ്ലൂടൂത്ത് വഴി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാന്‍ കഴിയും. എല്‍ഇഡി ഡിസ്‌പ്ലേയിലാണ് ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ ലഭിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ വരാനിരിക്കുന്ന മോഡലായ മീറ്റിയോര്‍ മോട്ടോര്‍സൈക്കിളില്‍ കണക്റ്റഡ് സിസ്റ്റം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പുതിയ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ കുറച്ചുകൂടി ഉപഭോക്താക്കളെ ആകര്‍ഷിക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. ഇതുവഴി യാത്രക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴി തന്നെ ബൈക്കിനെ സംബന്ധിച്ച് വിവിരങ്ങള്‍ അറിയാന്‍ സാധിക്കും.

അതേസമയം ലോക്ക്ഡൗണിനിടയിലും 91 യൂണിറ്റുകളുടെ വില്‍പ്പന റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കിയത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കമ്പനിയുടെ തിരുവോട്ടിയൂര്‍, ഒറഗഡാം, ചെന്നൈയിലെ വല്ലം വഡഗല്‍ പ്ലാന്റുകളും ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിതരണ ശൃംഖലകളും അടച്ചിട്ടിരിക്കുന്നതിനിടെയാണ് ഈ നേട്ടം.