തിരുവനന്തപുരം: ഹോട്ട് സ്‌പോട്ടുകളില്‍ ഒഴികെ സംസ്ഥാനത്ത് ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പുകള്‍ക്കും വാഹനഷോറൂമുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കും.  മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ക്‌ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറക്കാനായിരുന്നു നേരത്തേ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ച് തുറക്കാമെന്നാണ് പുതിയ തീരുമാനം. 

കണ്ടെയ്ന്‍മെന്റ് സോണില്‍ മാത്രമായിരിക്കും കര്‍ശന നിയന്ത്രണം. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ളിടത്ത് റോഡുകള്‍ അടച്ചിടില്ല. റെഡ്, ഓറഞ്ച് സോണിലും കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള റോഡുകള്‍ അടച്ചിടില്ല. നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യവാഹനങ്ങളും അനുവദിക്കും. വാഹനങ്ങള്‍ ഓടുന്നതില്‍ ഒറ്റ, ഇരട്ട അക്ക നിയന്ത്രണങ്ങള്‍ തുടരും.

ഞായറാഴ്ച സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ദിവസമാണ്. റംസാന്‍ കാലമായതിനാല്‍ ഉച്ചയ്ക്കുശേഷം ഭക്ഷണം പാഴ്‌സലായി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് തുറക്കാം.  സര്‍ക്കാര്‍ അനുമതിനല്‍കിയ കടകള്‍ തുറക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.