Asianet News MalayalamAsianet News Malayalam

റേസിംഗ് സ്‍മരണകളുണര്‍ത്തി വെസ്പ റേസിംഗ് സിക്സ്റ്റീസ്

ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ ഗ്രൂപ്പിനു കീഴിലുള്ള ബ്രാന്‍ഡായ വെസ്പയുടെ റേസിംഗ് സിക്സ്റ്റീസ് ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു

Vespa Racing Sixties Limited Edition Unveiled
Author
Delhi, First Published Feb 14, 2020, 8:49 PM IST

ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ ഗ്രൂപ്പിനു കീഴിലുള്ള ബ്രാന്‍ഡായ വെസ്പയുടെ റേസിംഗ് സിക്സ്റ്റീസ് ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. 1960-കളിലെ റേസിംഗ് ഹരം ആയിരുന്ന റൈഡർമാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വെസ്പ റേസിംഗ് സിക്‌സ്റ്റീസ് തയ്യാറാക്കിയിരിക്കുന്നത്. 

റേസിംഗ് സിരകളിൽ കയറിയ ഒരു കൂട്ടം ചെറുപ്പക്കാർ 60-കളിൽ സ്ഥിരമായി ഒത്തുചേർന്നിരുന്നു. ഓടിക്കുന്ന വാഹനം, മുടിയുടെ സ്റ്റൈൽ, ധരിക്കുന്ന വസ്ത്രം എന്നിങ്ങനെ എല്ലാ കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തിയിരുന്ന ഈ കൂട്ടത്തോടുള്ള ബഹുമാന സൂചകമായാണ് വെസ്പ റേസിംഗ് സിക്സ്റ്റീസ് എത്തിയിരിക്കുന്നത്. BS6 മലിനീകരണ നിയമങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച വെസ്പ എസ്എക്‌സ്എല്‍ 150 അടിസ്ഥാനമാക്കിയാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടര്‍ ആയ വെസ്പ റേസിംഗ് സിക്സ്റ്റീസ് നിര്‍മിച്ചിരിക്കുന്നത്.

പ്രധാനമായും വെളുത്ത നിറമാണ് വെസ്പ റേസിംഗ് സിക്സ്റ്റീസ് സ്‌കൂട്ടറിന്. എന്നാല്‍ സ്‌പോര്‍ട്ടി തീം കാഴ്ച്ചവെയ്ക്കുന്ന വീതിയേറിയ ചുവന്ന റേസിംഗ് വരകള്‍ ഹെഡ്‌ലാംപിന് തൊട്ടുതാഴെ മുതല്‍ ഏപ്രണിലുടനീളം ഫെന്‍ഡറിന്റെ അഗ്രം വരെ കാണാം. ബോഡി പാനലുകളിലും ഈ സ്‌ട്രൈപ്പുകള്‍ നല്‍കിയിരിക്കുന്നു. സ്വര്‍ണ വര്‍ണത്തിലുള്ളതാണ് അലോയ് വീലുകള്‍.

ബിഎസ് 6 പാലിക്കുന്ന 150 സിസി, സിംഗിള്‍ സിലിണ്ടര്‍, 3 വാല്‍വ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ ആണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ മോട്ടോര്‍ 7,600 ആര്‍പിഎമ്മില്‍ 10.32 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്നില്‍ 11 ഇഞ്ചും പിന്നില്‍ 10 ഇഞ്ചും ആണ് ടയറുകള്‍. ട്യൂബ്‌ലെസ് ടയറുകളാണ് ഉപയോഗിക്കുന്നത്. മുന്നില്‍ സിംഗിള്‍ ചാനല്‍ എബിഎസ് സഹിതം 200 എംഎം ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ 140 എംഎം ഡ്രം ബ്രേക്ക് എന്നിവ ബ്രേക്കിംഗ് കൈകാര്യം ചെയ്യും. ഇന്‍സ്ട്രുമെന്റ് പാനല്‍ പകുതി ഡിജിറ്റലാണ്. ഡേടൈം റണ്ണിംഗ് ലൈറ്റ് സഹിതം എല്‍ഇഡി ഹെഡ്‌ലൈറ്റ് ലഭിച്ചു. ബൂട്ട് ലാംപ്, യുഎസ്ബി ചാര്‍ജര്‍ എന്നിവ സവിശേഷതകളാണ്. 

വെള്ള അടിസ്ഥാന നിറത്തിൽ ചുവപ്പു നിറത്തിലുള്ള ഹൈലൈറ്റ്സ് ആണ് വെസ്പ റേസിംഗ് സിക്സ്റ്റീസിന്റെ ആകർഷണം. മുന്നിലെ എപ്രോണിലും സൈഡ് ബോഡി പാനലിലും റേസിംഗ് സ്‌ട്രൈപ്‌ പോലെ ഈ ചുവപ്പു നിറത്തിലുള്ള ഗാർണിഷിനും ഗോൾഡൻ നിറത്തിലുള്ള അലോയ് വീലുകള്‍ക്കും ഒപ്പം കറുപ്പ് സീറ്റുകളിൽ വെള്ള നിറത്തിലുള്ള പൈപ്പിംഗും കറുപ്പിൽ പൊതിഞ്ഞ ഹെഡ്‍ലൈറ്റ് ഹൗസിങ്ങും റിയർ വ്യൂ മിററും എക്‌സ്ഹോസ്റ്റ് ഷീൽഡും ഒക്കെ വെസ്പ റേസിംഗ് സിക്‌സ്റ്റീസിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. 

വെസ്പ എസ്എക്‌സ്എല്‍ 150-യ്ക്ക് 1.26 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ലിമിറ്റഡ് എഡിഷൻ മോഡൽ ആയതുകൊണ്ട് വെസ്പ റേസിംഗ് സിക്‌സ്റ്റീസിന്റെ വില കൂടിയേക്കും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

Follow Us:
Download App:
  • android
  • ios