Asianet News MalayalamAsianet News Malayalam

പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി വൈകും

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ പോളോ ഓട്ടോമാറ്റിക്, വെന്റോ ഓട്ടോമാറ്റിക് ബിഎസ് 6 പതിപ്പുകള്‍ വിപണിയില്‍ എത്താന്‍ വൈകും.  

Volkswagen Polo And Vento Automatic Deliveries Expected To Begin In August
Author
Mumbai, First Published Jun 15, 2020, 11:51 AM IST

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ പോളോ ഓട്ടോമാറ്റിക്, വെന്റോ ഓട്ടോമാറ്റിക് ബിഎസ് 6 പതിപ്പുകള്‍ വിപണിയില്‍ എത്താന്‍ വൈകും.  

മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾ അടങ്ങുന്ന ബിഎസ് 6 പോളോ, ബിഎസ് 6 വെന്റോ ലൈനപ്പുകളുടെ വില മാർച്ച് 4 ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാനുവൽ പതിപ്പുകൾ മാത്രമേ നിലവിൽ ലഭ്യമാകൂ. ഓട്ടോമാറ്റിക് മോഡലുകളുടെ ഡെലിവറികൾ ഓഗസ്റ്റിൽ മാത്രമേ ആരംഭിക്കൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കൊവിഡ്-19 മഹാമാരി മൂലമുള്ള ലോക്ക്ഡൗണും മറ്റ് സുരക്ഷ മാനദണ്ഡങ്ങളും കാരണം ദീർഘകാലം അടച്ചതിനുശേഷം പരിമിതമായ ശേഷിയിലാണ് കമ്പനിയുടെ ഇന്ത്യയിലെ നിർമ്മാണശാല പ്രവർത്തിക്കുന്നത്.

അതുകൊണ്ടു തന്നെ ഇരു മോഡലുകളുടെയും മാനുവൽ പതിപ്പുകൾ മാത്രമാണ് ഇപ്പോൾ ഫോക്‌സ്‌വാഗണിന്റെ ചകൻ പ്ലാന്റിൽ ഉൽ‌പാദിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ബിഎസ് 6 ലേക്ക് മാറിയപ്പോള്‍ പോളോയും വെന്റോയും പെട്രോൾ മാത്രമുള്ള മോഡലുകളായി മാറി. ഒരു മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന 1.0 MPI എഞ്ചിനാണ് പോളോയുടെ താഴ്ന്ന പതിപ്പുകളിൽ നിർമ്മാതാക്കൾ നൽകുന്നത്.

ഗിയർബോക്സ് ഓപ്ഷനുകളിൽ പഴയ 1.2 TSI -യുടെ ഏഴ് സ്പീഡ് DSG ഡ്യുവൽ ക്ലച്ച് യൂണിറ്റ് ഒഴിവാക്കി, പുതിയ 1.0 TSI ഇപ്പോൾ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

കാബിന്‍ താപനില കുറയ്ക്കുന്നതിന് പുതിയ പോളോയിലും വെന്റോയിലും ചൂട് പ്രതിരോധിക്കുന്ന ഗ്ലാസ് നല്‍കിയിരിക്കുന്നു. ഈ പരിഷ്‌കരണം ഇന്ധന ഉപഭോഗം കുറയ്ക്കുമെന്ന് മാത്രമല്ല, ഡ്രൈവിംഗ് സമയത്ത് യാത്രാസുഖം വര്‍ധിപ്പിക്കുമെന്നുമാണ് കമ്പനിയുടെ അവകാശവാദം. 

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇഎ211 എന്ന പെട്രോള്‍ എന്‍ജിന്‍ വിഭാഗത്തിലെ ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇപ്പോള്‍ രണ്ട് കാറുകളുടെയും ഹൃദയം. ഇന്ത്യയില്‍ ഇനി പെട്രോള്‍ വാഹനങ്ങള്‍ മാത്രം വില്‍ക്കാനാണ് ഫോക്‌സ്‌വാഗണിന്റെ തീരുമാനം. പോളോയില്‍നിന്ന് 1.2 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനും വെന്റോയില്‍നിന്ന് 1.2 ലിറ്റര്‍ ടിഎസ്‌ഐ, 1.6 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിനുകളും കമ്പനി എടുത്തുമാറ്റി. രണ്ട് കാറുകളില്‍നിന്നും 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിനും ഒഴിവാക്കി.  

പോളോ ജിടി ടിഎസ്‌ഐ വേരിയന്റിന്  7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സിന് പകരം ഇപ്പോള്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ നല്‍കി. ഫോക്‌സ്‌വാഗണ്‍ പോളോയുടെ ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ പ്ലസ് വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ എംപിഐ എന്‍ജിന്‍ നല്‍കിയിരിക്കുന്നത് .

ഹൈലൈന്‍ പ്ലസ്, ജിടി ലൈന്‍ വേരിയന്റുകള്‍ 1.0 ലിറ്റര്‍ ടിഎസ്‌ഐ മോട്ടോര്‍ ഉപയോഗിക്കും. 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ മാത്രമാണ് ബിഎസ് 6 ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ ഏക എന്‍ജിന്‍ ഓപ്ഷന്‍. ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ഹൈലൈന്‍ പ്ലസ് എന്നീ വേരിയന്റുകളില്‍ പുതിയ വെന്റോ ലഭിക്കും. ഹൈലൈന്‍, ഹൈലൈന്‍ പ്ലസ് എന്നീ രണ്ട് ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്നത്.

1.2 ലിറ്റര്‍ എന്‍ജിനേക്കാള്‍ ഭാരം കുറഞ്ഞതും കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്നതുമാണ് പുതിയ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനെന്ന് കമ്പനി അറിയിച്ചു. കൂടാതെ, പോളോ ടിഎസ്‌ഐ വകഭേദത്തിന് 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ലഭിക്കും. സ്‌പോര്‍ട്ടി ഹാച്ച്ബാക്കിന്റെ ടര്‍ബോ-പെട്രോള്‍ വേര്‍ഷനില്‍ ഇതാദ്യമാണ് 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ നല്‍കുന്നത്. 

1.0 ലിറ്റര്‍ എംപിഐ (മള്‍ട്ടിപോയന്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ – നാച്ചുറലി ആസ്പിറേറ്റഡ്), ടിഎസ്‌ഐ (ടര്‍ബോചാര്‍ജ്ഡ് സ്ട്രാറ്റിഫൈഡ് ഇന്‍ജെക്ഷന്‍ – ടര്‍ബോചാര്‍ജ്ഡ്) മോട്ടോറുകളാണ് ഇപ്പോള്‍ പോളോ ഉപയോഗിക്കുന്നത്. എന്നാല്‍ ടിഎസ്‌ഐ വേര്‍ഷന്‍ മാത്രമാണ് വെന്റോ മോഡലിന് കരുത്തേകുന്നത്. 108 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് ടിഎസ്‌ഐ വേര്‍ഷന്‍.

9.12 ലക്ഷം മുതൽ 9.59 ലക്ഷം വരെയാണ് ഫോക്‌സ്‌വാഗണ്‍ പോളോ ഓട്ടോമാറ്റിക് പതിപ്പുകളുടെ എക്സ്-ഷോറൂം വില. വെന്റോ ഓട്ടോമാറ്റികിന് 12.09 ലക്ഷം മുതൽ 13.29 ലക്ഷം വരെയും. 

Follow Us:
Download App:
  • android
  • ios