ജർമ്മൻ ആഡംബര വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍  ടിഗ്വാൻ ഓൾസ്പേസ് എസ്‌യുവിയുമായി എത്തുന്നു. ഈ വർഷം പകുതിയോടെ വാഹനം വിപണിയിൽ എത്തിയേക്കും. 

ഇന്ത്യൻ നിരത്തുകളിൽ വാഹനത്തിന്റെ പരീക്ഷണയോട്ടം തുടങ്ങിയിരിക്കുകയാണ്. നിലവിലുള്ള അഞ്ച് സീറ്റർ ടിഗുവാനിൽ നിന്നും വ്യത്യസ്തമായി ടിഗുവാൻ ഓൾസ്പേസ് 7 സീറ്റർ വാഹനമാണ്. സ്റ്റാൻഡേർഡ് ടിഗുവാന്റെ വിപുലീകൃത വീൽബേസ് പതിപ്പാണ് പുത്തൻ മോഡൽ. നിലവിലെ മോഡലിനെക്കാൾ 109 mm നീളം വാഹനത്തിന് അധികമുണ്ട്. പുതിയ ഓൾസ്പേസിനായുള്ള ബുക്കിംഗ് അംഗീകൃത ഡീലർമാർ ആരംഭിച്ചിട്ടുണ്ട്.

ബി‌എസ്6 നിലവാരത്തിലുള്ള ഒരു പെട്രോൾ എഞ്ചിനിൽ മാത്രമാകും ടിഗുവാൻ ഓൾസ്‌പേസ് എസ്‌യുവി ഇന്ത്യൻ പതിപ്പിന് ലഭ്യമാവുക. 190 bhp പവർ സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോ‌ക്‌സ് സ്റ്റാൻഡേർഡ് ജോഡി ആയി വരും. ഫോക്‌സ്‌വാഗന്റെ 4 മോഷൻ സിസ്റ്റം കരുത്തേകുന്ന ഓൾ-വീൽ ഡ്രൈവ് ടിഗുവാൻ ഓൾസ്‌പെയ്‌സിലെ മറ്റൊരു സ്റ്റാൻഡേർഡ് സവിശേഷതയായിരിക്കും. ഏഴ് എയർബാഗുകൾ, ESP, എബിഎസ്, റിയർ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകൾ എസ്‌യുവിയിൽ ഫോക്‌സ്‌വാഗണ്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി ഹെഡ്‌ലൈറ്റുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, കീലെസ് എൻട്രി, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 3-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ബീജ് നിറമുള്ള ‘വിയന്ന' ലെതർ സീറ്റുകൾ എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ . മൂന്നാം നിരയെ ഉൾക്കൊള്ളാൻ വേണ്ടി വാഹനത്തിന്റെ അളവുകൾ വർധിപ്പിച്ചിട്ടുണ്ട്. ഏഴ് സീറ്റുകളുള്ള എസ്‌യുവിക്ക് 4,701 mm നീളവും 1,839 mm വീതിയും 1,674 mm ഉയരവും 2,787 mm വീൽബേസുമാണ് ഇപ്പോൾ കമ്പനി നൽകിയിരിക്കുന്നത്. മൂന്നാം വരിയിൽ, ബൂട്ട് സ്പേസ് വെറും 230 ലിറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. പിൻ സീറ്റുകൾ മടക്കിയാൽ ബൂട്ട് സ്പേസ് 700 ലിറ്ററായി ഉയർത്താൻ സാധിക്കും.

സ്കോഡ കോഡിയാക്, ഹോണ്ട സിആർ-വി, ഇസുസു MU-X, മഹീന്ദ്ര ആൾട്രൂറാസ് G4, ഫോർഡ് എൻ‌ഡോവർ, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ മോഡലുകളാവും വാഹനത്തിന്‍റെ എതിരാളികള്‍. സി‌ബി‌യു റൂട്ടിലൂടെയാണ് വാഹനത്തെ കമ്പനി ഇന്ത്യയിലെത്തിക്കുന്നത്. ഇത് വാഹനത്തിന്റെ വിലവർധിപ്പിക്കും. ഏകദേശം 35 മുതൽ 40 ലക്ഷം രൂപ വരെ വില വാഹനത്തിന് പ്രതീക്ഷിക്കാം.