വോള്‍വോ EX30 ഇലക്ട്രിക് കാറിന് ഉത്സവ സീസണോടനുബന്ധിച്ച് 39,99,000 രൂപയുടെ പ്രത്യേക ഓഫർ വില പ്രഖ്യാപിച്ചു. യൂറോ എൻസിഎപി ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും, പുനരുപയോഗിച്ച വസ്തുക്കൾ കൊണ്ടുള്ള ഇന്റീരിയറും ഈ മോഡലിന്റെ പ്രധാന ആകർഷണങ്ങളാണ്. 

വോള്‍വോ EX30 ഇലക്ട്രിക് കാറിന് ഈ ഉത്സവ സീസണില്‍ ഓഫർ പ്രഖ്യാപിച്ചു. ഈ കാർ ഇപ്പോൾ 39,99,000 രൂപയ്ക്ക് സ്വന്തമാക്കാം എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. 41,00,000 രൂപയാണ് എക്‌സ്‌ഷോറൂം വില. 2025 ഒക്ടോബര്‍ 19 ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. അഞ്ച് നിറങ്ങളില്‍ കാര്‍ ലഭ്യമാകും. 2025 നവംബര്‍ ആദ്യ ആഴ്ചയില്‍ ഈ കാറിന്‍റെ ഡെലിവറി ആരംഭിക്കും. ബെംഗളൂരുവിലെ ഹൊസക്കോട്ടിലുള്ള കമ്പനി പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന, വോള്‍വോ കാര്‍ ശ്രേണിയിലെ മൂന്നാമത്തെ ഇവി മോഡലാണിത്. ഓരോ EX30 യിലും സ്റ്റാന്‍ഡേര്‍ഡ് ഓഫറായി 11-kW ചാര്‍ജര്‍ ലഭിക്കും.

വോള്‍വോയുടെ ഇതുവരെ പുറത്തിറങ്ങിയ ഇലക്ട്രിക് കാറുകളില്‍ ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് ഉള്ള കാറാണ് EX30. ഡെനിം, പെറ്റ് ബോട്ടില്‍, അലൂമിനിയം, പിവിസി പൈപ്പുകള്‍ തുടങ്ങിയവ പുനരുപയോഗിച്ചാണ് ഇതിന്റെ ആകര്‍ഷകമായ ഇന്റീരിയര്‍ തയാറാക്കിയിരിക്കുന്നത്. നിര്‍മാണത്തില്‍ സ്‌കാന്‍ഡിനേവിയന്‍ ഡിസൈനുകളും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച EX30 യൂറോ എൻസിഎപി സുരക്ഷാ പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുണ്ട്. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി കുറയ്ക്കാനായി ഇന്റര്‍സെക്ഷന്‍ ഓട്ടോ-ബ്രേക്ക്, ഡോര്‍ അപ്രതീക്ഷിതമായി തുറക്കുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങള്‍ തടയാനായി ഡോര്‍ ഓപണ്‍ അലേര്‍ട്ട്, അഞ്ച് ക്യാമറകള്‍, അഞ്ച് റഡാറുകള്‍, 12 അള്‍ട്രാസോണിക് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പടെ നൂതന സേഫ് സ്‌പേസ് ടെക്‌നോളജിയും സുരക്ഷാ ഉപകരണങ്ങളും EX30 യിലുണ്ട്.

സ്‌കാന്‍ഡിനേവിയന്‍ ഋതുഭേദങ്ങളിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയ ക്യാബിനിലെ അഞ്ച് ആംബിയന്റ് ലൈറ്റിംഗ് തീമുകളും ശബ്‍ദസംവിധാനവും വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. 1040W ആംപ്ലിഫയറും 9 ഹൈ പെര്‍ഫോമന്‍സ് സ്പീക്കറുകളും അടങ്ങിയ പുതിയ ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട്ബാര്‍, അത്യാധുനിക സറൗണ്ട് സൗണ്ട് അനുഭവം നല്‍കുന്നു. 12.3 ഇഞ്ച് ഹൈ-റെസല്യൂഷന്‍ സെന്റര്‍ ഡിസ്പ്ലേയില്‍ ഗൂഗിള്‍ ബില്‍റ്റ്-ഇന്‍, 5G കണക്റ്റിവിറ്റി, ഓവര്‍-ദി-എയര്‍ (OTA) അപ്ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ ആകര്‍ഷകമായ രൂപകല്‍പ്പനയ്ക്ക് റെഡ് ഡോട്ട് അവാര്‍ഡിലെ ബെസ്റ്റ് ഓഫ് ദ് ബെസ്റ്റ് പ്രോഡക്ട് ഡിസൈന്‍ 2024, വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ 2024 എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

എട്ടു വര്‍ഷത്തെ ബാറ്ററി വാറന്റിയും വാള്‍ ബോക്‌സ് ചാര്‍ജറും വോള്‍വോ ഉറപ്പുനല്‍കുന്നു. ഡിജിറ്റല്‍ കീ സൗകര്യം ഉപയോഗിച്ച് കാര്‍ സൗകര്യപൂര്‍വം കൈകാര്യം ചെയ്യാം. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സൗകര്യം ഉപയോഗിച്ച് ഒരു കാര്‍ഡ് ടാപ് ചെയ്‌തോ വോള്‍വോ കാര്‍ ആപ്പിലെ ഡിജിറ്റല്‍ കീ പ്ലസ് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ കൊണ്ടോ കാര്‍ ഉപയോഗിക്കാം.

ഇന്ത്യന്‍ വിപണിയിലെ ഉപഭോക്താക്കള്‍ക്കായി ഇത്രയും വിസ്മയകരമായ നിരക്കില്‍ വോള്‍വോ EX30 അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. കരുത്ത്, രൂപഭംഗി, ആഡംബരം എന്നിവ ഇഷ്ടപ്പെടുന്ന പുതുതലമുറയെ ആകര്‍ഷിക്കാന്‍ ഈ മോഡലിനാകുമെന്ന് കരുതുന്നുവെന്നും പ്രകടന മികവ്, വിപുലമായ ശ്രേണി, ആധുനികരൂപം, അനായാസം സ്വന്തമാക്കാനുള്ള സൗകര്യം എന്നിവ കൊണ്ട് EX30 ഉപഭോക്താക്കളുടെ ഇവി അനുഭവത്തെ പുനര്‍ നിര്‍വചിക്കും എന്നും ജ്യോതി മല്‍ഹോത്ര വ്യക്തമാക്കി.