സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ കഴിഞ്ഞ ദിവസം നാല് പുതിയ ട്രക്കുകളെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. വാഹനങ്ങളെക്കാള്‍ അവയെ കമ്പനി ലോഞ്ച് ചെയ്യിച്ച രീതിയാണ് ഇപ്പോള്‍ വാഹന ലോകത്തെ ചര്‍ച്ചായ വിഷയം. ഹോളിവുഡ് സിനികളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ ഈ ട്രക്കുകള്‍ കൊണ്ടൊരു കൂറ്റന്‍ ടവര്‍ തീര്‍ത്തായിരുന്നു ലോഞ്ചിംഗ്. 

വോള്‍വോ എഫ്.എച്ച്, വോള്‍വോ എഫ്.എച്ച്16, വോള്‍വോ എഫ്.എം, വോള്‍വോ എഫ്.എം.എക്സ് എന്നീ നാല് മോഡലുകളെ ഒന്നിന് മുകളില്‍ ഒന്നായി അടുക്കിവെച്ചായിരുന്നു ലോഞ്ചിംഗ്. 

ഏറ്റവും വലിയ മോഡലായ എഫ്.എം.എക്സായിരുന്നു ഏറ്റവും അടിയില്‍.  അതിന് മുകളിള്‍ എഫ്എം  മറ്റ് രണ്ടെണ്ണം ഏറ്റവും മുകളിലും. തുടര്‍ന്ന് ഈ മൂന്നു വാഹനങ്ങളെയും വഹിച്ചുകൊണ്ട് താഴെയുള്ള വാഹനം ഓടിച്ചു നീക്കി ആയിരുന്നു അവതരണം. ട്രക്കുകള്‍ കൊണ്ടുള്ള ടവര്‍ എന്നത് വോള്‍വോ ട്രക്കുകളുടെ എന്‍ജിനിയറായ മാര്‍ക്കസ് വിക്സ്റ്റോമിന്റെ ആശയമാണ്. 

നാല് ട്രെക്കുകളും ചേര്‍ന്ന് 15 മീറ്റര്‍ ഉയരവും 58 ടണ്‍ ഭാരവുമുള്ള ഒരു ടവര്‍ പോലെയാണ് നിന്നിരുന്നത്. ഇതിന്റെ ഏറ്റവും മുകളില്‍ കയറിയാണ് വോള്‍വോ ട്രക്ക് പ്രസിഡന്റായ റോജര്‍ ആം സംസാരിച്ചത്. 

ഇത് ആദ്യമായല്ല വോള്‍വോ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ടവര്‍ ഉണ്ടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  1971-ലാണ് വോള്‍വോ ഈ രീതി ആദ്യമായി പരീക്ഷിക്കുന്നത്. ആറ് വോള്‍വോ 144 സെഡാനായിരുന്നു അന്ന് ഒന്നിന് മുകളില്‍ ഒന്നായി അടുക്കിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറ് വോള്‍വോ 760 മോഡലുകള്‍ ഉപയോഗിച്ചും വാഹന ടവര്‍ ഒരുക്കിയിരുന്നു. ഇത്തരം ടവറുകള്‍ വാഹനത്തിന്‍റെ കരുത്ത് തെളിയിക്കുമെന്നാണ് കമ്പനി പറയുന്നത്.