ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ-ലൈനിന് മൂന്ന് ലക്ഷം രൂപ വരെ കിഴിവ്. ടൈഗൺ എസ്‌യുവി, വിർട്ടസ് സെഡാൻ എന്നിവയ്ക്കും കിഴിവുകൾ ലഭ്യമാണ്. 7-സീറ്റർ ടിഗുവാൻ പതിപ്പ് പരിഗണനയിലാണെന്നും റിപ്പോർട്ട്.
2025 ഏപ്രിലിൽ മാസത്തിലാണ് ജർമ്മൻ വാഹന ബ്രാൻഡായ ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ ടിഗുവാൻ ആർ ലൈൻ ഇന്ത്യയിൽ പുറത്തിറക്കിയത്. ലോഞ്ച് ചെയ്ത് വെറും മൂന്ന് മാസത്തിനുള്ളിൽ ചില ഡീലർഷിപ്പുകൾ ഈ കാറിന് മൂന്നുലക്ഷം രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ടിഗ്വാൻ മാത്രമല്ല, കമ്പനിയുടെ ഇന്ത്യ 2.0 സീരീസ് വാഹനങ്ങളായ ടൈഗൺ എസ്‌യുവി, വിർട്ടസ് സെഡാൻ എന്നിവയ്ക്കും 2025 ജൂലൈയിൽ വൻ കിഴിവുകൾ ലഭിക്കുന്നു. ഈ വാഹനങ്ങൾക്ക് 2.5 ലക്ഷം രൂപ വരെ കിഴിവുകൾ നൽകുന്നു.
ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫോക്‌സ്‌വാഗൺ എസ്‌യുവിയാണ് ടിഗ്വാൻ. സിബിയു റൂട്ട് വഴിയാണ് ഈ എസ്‍യുവി ഇന്ത്യയിൽ എത്തുന്നത്. ആർ ലൈൻ എന്ന ഒറ്റ വേരിയന്റിൽ മാത്രമേ ഇത് ലഭ്യമാകൂ. 49 ലക്ഷംരൂപയാണ് ടിഗ്വാൻ ആർ ലൈനിന്‍റെ എക്സ്-ഷോറൂം വില. എന്നാൽ ഇപ്പോൾ ചില ഡീലർമാർ ഇതിന് ആകെ മൂന്നു ലക്ഷം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറിൽ രണ്ട് ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ബോണസ്, സർവീസ് പാക്കേജ് തുടങ്ങിയ ഓഫറുകൾ ഉൾപ്പെടെ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.
ഈ എസ്‌യുവി ഇപ്പോൾ ഇന്ത്യയിൽ കാര്യമായി വിറ്റഴിക്കപ്പെടുന്നില്ല, അതേസമയം ഗോൾഫ് ജിടിഐയുടെ ഡിമാൻഡ് വളരെ മികച്ചതാണ്. ഈ വിഭാഗത്തിലെ ഉപഭോക്താക്കൾ സാധാരണയായി വലിയ 7 സീറ്റർ എസ്‌യുവികളാണ് ഇഷ്ടപ്പെടുന്നത്, ടിഗുവാൻ ആർ ലൈനിന് ഏതാനും ദിവസങ്ങൾക്ക് ശേഷം പുറത്തിറക്കിയ പുതിയ സ്കോഡ കൊഡിയാക് പോലുള്ളവയ്ക്ക് മികച്ച വിൽപ്പന ലഭിക്കുന്നുണ്ട്. ഇക്കാരണത്താൽ ടിഗ്വാന്റെ 7 സീറ്റർ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ഫോക്‌സ്‌വാഗൺ ഇപ്പോൾ പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.
