കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കിയാല്‍ സംഭവിക്കുന്നത് എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കുന്നത് ഈ സാഹചര്യത്തിലെങ്കിലും നന്നായിരിക്കും. 

പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്‍കൂൾ ബസിൽ മരിച്ചനിലയിൽ കണ്ടെത്തിയ നാല് വയസുകാരി മിൻസ മറിയം ജേക്കബ് മലയാളികള്‍ക്ക് മാത്രമല്ല ലോകത്തിന്‍റെയാകെ നൊമ്പരമായി മാറിയിരിക്കുകയാണ്. നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയെന്ന കുഞ്ഞിന് സ്‍കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ സ്വന്തം ജീവൻ ബലി നല്‍കേണ്ടി വന്നത്. രാവിലെ സ്‍കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളില്‍ ഇരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചു എന്നാണ് നിഗമനം. 

കുട്ടികളെ കാറില്‍ ഒറ്റയ്ക്കിരുത്തിയാല്‍ പിഴ ഒരുലക്ഷമെന്ന് ഈ പൊലീസ്!

ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം അപകട സംഭവങ്ങള്‍ കൂടുകയാണ്. സ്‍കൂള്‍ വാഹനത്തില്‍ അല്ലെങ്കിലും സ്വകാര്യ കാറുകളില്‍ ഉള്‍പ്പെടെ നിരവധി കുരുന്നുകള്‍ക്കാണ് മുതിര്‍ന്നവരുടെ അശ്രദ്ധമൂലം ജീവൻ നഷ്‍ടമായിരിക്കുന്നത്. സംഭവത്തിന്‍റെ ഗൗരവം പല രക്ഷിതാക്കള്‍ക്കും അറിയാത്തതാണ് ഇതിനൊക്കെ കാരണം. ഈ അശ്രദ്ധയ്‍ക്കും അജ്ഞതയ്ക്കുമൊക്കെ വലിയ വില കൊടുക്കേണ്ടി വരും. കുട്ടികളെ കാറുകളില്‍ തനിച്ചാക്കിയാല്‍ സംഭവിക്കുന്നത് എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കുന്നത് ഈ സാഹചര്യത്തിലെങ്കിലും നന്നായിരിക്കും. 

വാഹനങ്ങളിലെ കുരുന്നുമരണങ്ങള്‍ കൂടുന്നു
കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളില്‍ അധികവും സംഭവിക്കുന്നത്.

മാത്രമല്ല വാഹനത്തിന് അകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോൾ, അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആയാലുള്ള അപകട സാധ്യതയും ഉണ്ട്. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അപ്പോള്‍ അബദ്ധത്തില്‍ വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ വിലപ്പെട്ട ജീവനൊപ്പം മറ്റ് അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്.

സ്‍കൂള്‍ അടച്ചുപൂട്ടി
അതേസമയം മിൻസയെ പിതാവ് അവസാനമായി സ്‍കൂൾ ബസിൽ കയറ്റുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇത് കാഴ്ചക്കാരുടെ നോവായി മാറി. പിതാവ് അഭിലാഷ് ചാക്കോ നാലു വയസുകാരി മിൻസയെ സ്കൂൾ ബസിൽ കയറ്റുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഖത്തറിലെ സ്പ്രിങ് ഫീൽഡ് കിൻഡർഗാർട്ടനിൽ കെ ജി ഒന്നിലെ വിദ്യാര്‍ത്ഥിയായിരുന്നു മിൻസ. സ്‍കൂളിലേക്കുള്ള യാത്രക്കിടെ ഉറങ്ങിപ്പോയ കുട്ടി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവർ ഡോർ അടച്ചു പോയി. പിന്നീട് 11.30ഓടെ ബസ് എടുക്കാനായി ജീവനക്കാരൻ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ഖത്തറിലെ അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചു. വീഴ്‍ച വരുത്തിയ സ്‍കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുട്ടിയുടെ മൃതദേഹം നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. അൽ വക്രയിലെ മോര്‍ച്ചറിക്ക് മുന്നിൽ നൂറ് കണക്കിനാളുകളാണ് മിൻസയ്ക്ക് അന്ത്യാഞ്ജലികൾ അര്‍പ്പിക്കാന്‍ എത്തിയത്.