മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിക്കഴിഞ്ഞു. 

വിമാനത്താവളത്തില്‍നിന്ന് 12-നാണ് ട്രംപും മോദിയും ചേര്‍ന്നുള്ള റോഡ് ഷോ ആരംഭിക്കുക. റോഡ് ഷോ കടന്നുപോകുന്ന 22 കിലോമീറ്റർ ദൂരം ഇരുനേതാക്കളും ചേർന്ന് സഞ്ചരിക്കുന്ന വാഹനം ഏതായിരിക്കും എന്ന ആകാംക്ഷയിലാണ് വാഹനപ്രേമികള്‍. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റിലാണ് ഇരു നേതാക്കളും റോഡ് ഷോ നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ അമേരിക്കിന്‍ പ്രസിഡന്‍റ് യാത്ര ചെയ്‍തേക്കുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. 

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ബിഎംഡബ്ല്യു 7 സീരിസ്, റേഞ്ച് റോവര്‍ വോഗ് തുടങ്ങിയവയാണ് നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തിലുള്ളത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിച്ച കൂറ്റന്‍ കാറാണ് ബീസ്റ്റ് എന്നു വിളിപ്പേരുള്ള അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ  പ്രസിഡൻഷ്യൽ ലിമോസിൻ അഥവാ കാഡിലാക്ക്. 

28 സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ റോഡിലെ വിവിധ വേദികളില്‍ വിശിഷ്ടാതിഥികള്‍ക്കായി അവതരിപ്പിക്കും. ട്രംപും ഭാര്യ മെലാനിയയും കാറിലിരുന്ന് പരിപാടികള്‍ വീക്ഷിക്കും. ഗുജറാത്തിലെ നൃത്തസംഘമാകും ആദ്യത്തെ വേദിയിലുണ്ടാവുക. കന്റോണ്‍മെന്‍റ് ഭാഗത്താണ് മലയാളീ കലാകാരന്മാര്‍ക്ക് സ്ഥലം അനുവദിച്ചിരിക്കുന്നത്.

സാബര്‍മതി ആശ്രമത്തിലെത്തിയാല്‍ ട്രംപിനും സംഘത്തിനും ആവശ്യമെങ്കില്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. അരമണിക്കൂര്‍ മാത്രമാണ് ചെലവഴിക്കുക. നദീതീരത്തെ വേദിയില്‍നിന്ന് അഹമ്മദാബാദ് ഓള്‍ഡ് സിറ്റി വീക്ഷിക്കാന്‍ കഴിയും.

ആശ്രമത്തില്‍ നിന്നിറങ്ങിയാല്‍ റോഡ് ഷോ പുനരാരംഭിക്കും. ഇവിടെനിന്ന് മൊട്ടേര സ്റ്റേഡിയം വരെ ജനങ്ങള്‍ പതാകകള്‍ വീശി സ്വീകരിക്കും. മോദിക്കൊപ്പം 22 കിലോമീറ്റര്‍ സഞ്ചരിച്ച് ഒന്നരയോടെ സ്റ്റേഡിയത്തിലെത്തും. തുടര്‍ന്ന് 3.30-ഓടെ പരിപാടികള്‍ അവസാനിപ്പിച്ച്  സ്റ്റേഡിയത്തിനുപിന്നില്‍ പുതുതായി നിര്‍മിച്ച റോഡിലൂടെയോ ഹെലികോപ്റ്ററിലോ ആകും ട്രംപിന്റെ ദില്ലി വിമാനത്താവളത്തിലേക്കുള്ള മടക്കയാത്ര. 

തുടര്‍ന്ന് പ്രധാനമന്ത്രി മോദി വ്യോമസേനാ വിമാനത്തിലും ട്രംപ് എയര്‍ഫോഴ്‌സ്-വണ്ണില്‍ ആഗ്രയ്ക്കും തിരിക്കും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും.