ഓടിക്കൊണ്ടിരുന്ന കാറിന്റെ വിൻഡോയിൽ തൂങ്ങിക്കിടക്കുന്ന് സെല്‍ഫി വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതി റോഡിലേക്ക് വീണു. ബ്രിട്ടനിലെ തിരക്കേറിയ ഒരു ഹൈവേയിലാണ് സംഭവം. സ്‍നാപ്പ് ചാറ്റിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടയാണ് അപകടം. 

ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ M25 മോട്ടോര്‍ വേയിൽ ആണ് അപകടം. കാറിന്‍റെ മുന്നിലെ പാസഞ്ചര്‍ സീറ്റിന്‍റെ ജനാലയിലൂടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു യുവതി എന്ന് സർറെയിലെ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യാത്തത് ഭാഗ്യമാണെന്നായിരുന്നു പോലീസിന്‍റെ ട്വീറ്റ്. 

ഇങ്ങനെ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടയില്‍ 2011 നും 2018 നും ഇടയിൽ മാത്രം ബ്രിട്ടനില്‍ 259 പേർ കൊല്ലപ്പെട്ടുവെന്ന് രണ്ട് വർഷം മുമ്പ് ജേണൽ ഓഫ് ഫാമിലി മെഡിസിൻ ആന്റ് പ്രൈമറി കെയറിൽ പ്രസിദ്ധീകരിച്ച ആഗോള പഠനം പറയുന്നു. മുങ്ങിമരണം, ഗതാഗതം, വെള്ളച്ചാട്ടം എന്നിവയാണ് സെൽഫിയുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് പ്രധാന കാരണമെന്നും ഇരകളുടെ ശരാശരി പ്രായം 23 വയസ്സിന് താഴെയാണെന്നുമാണ് കണക്കുകള്‍.