2020 വേള്‍ഡ് കാര്‍ പുരസ്‌കാരങ്ങള്‍ക്ക് സാധ്യതയുള്ള മികച്ച മൂന്ന് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഓരോ വിഭാഗത്തിലെയും അഞ്ച് വീതം ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചിരുന്നു. വേള്‍ഡ് കാര്‍, അര്‍ബന്‍ കാര്‍, ലക്ഷ്വറി കാര്‍, പെര്‍ഫോമന്‍സ് കാര്‍, മികച്ച കാര്‍ ഡിസൈന്‍ എന്നീ അഞ്ച് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഏപ്രില്‍ എട്ടിന് ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ഓരോ വിഭാഗത്തിലെയും വിജയികളെ പ്രഖ്യാപിക്കും.

ദില്ലി എക്‌സ്‌പോയില്‍ വേള്‍ഡ് കാര്‍ പുരസ്‌കാരത്തിന് പത്ത് കാറുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാസ്ഡ 3, മാസ്ഡ സിഎക്‌സ്-30, കിയ ടെല്യുറൈഡ് എന്നീ കാറുകളാണ് ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ പുരസ്‌കാരത്തിന് അവസാന മൂന്നില്‍ ഇടംപിടിച്ചത്. ഹ്യുണ്ടായ് സൊണാറ്റ, കിയ സോള്‍ ഇവി, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക്, മെഴ്‌സേഡസ് ബെന്‍സ് സിഎല്‍എ, മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍ബി, ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ്, ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് എന്നീ മോഡലുകളാണ് ഒഴിവാക്കപ്പെട്ടത്.  

വേള്‍ഡ് അര്‍ബന്‍ കാര്‍ വിഭാഗത്തില്‍ കിയ സോള്‍ ഇവി, മിനി കൂപ്പര്‍ എസ്ഇ, ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് എന്നിവയാണ് മൂന്ന് ഫൈനലിസ്റ്റുകള്‍. വേള്‍ഡ് ലക്ഷ്വറി കാര്‍ വിഭാഗത്തിലെ മികച്ച മൂന്ന് ഫൈനലിസ്റ്റുകള്‍ പോര്‍ഷ 911, പോര്‍ഷ ടൈകാന്‍, മെഴ്‌സേഡസ് ബെന്‍സ് ഇക്യുസി എന്നിവയാണ്. രണ്ടെണ്ണം പോര്‍ഷയില്‍നിന്ന്. വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ വിഭാഗത്തില്‍ പോര്‍ഷയുടെ സമ്പൂര്‍ണ ആധിപത്യമാണ്. പോര്‍ഷ 718 സ്‌പൈഡര്‍/പോര്‍ഷ 718 കെയ്മന്‍ ജിടി4, പോര്‍ഷ 911, പോര്‍ഷ ടൈകാന്‍ എന്നിവയാണ് ഫൈനലിസ്റ്റുകള്‍. വേള്‍ഡ് കാര്‍ ഡിസൈന്‍ വിഭാഗത്തിലെ അവസാന മൂന്നില്‍ മാസ്ഡ 3, പോര്‍ഷ ടൈകാന്‍, പ്യൂഷോ 208 എന്നീ കാറുകള്‍ ഇടംപിടിച്ചു.

ടോപ് ത്രീ ഫൈനലിസ്റ്റുകളെ മാര്‍ച്ച് ആദ്യവാരം നടക്കേണ്ടിയരുന്ന ജനീവ മോട്ടോര്‍ ഷോയിലാണ് പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്ന് ജനീവ മോട്ടോര്‍ ഷോ ഉപേക്ഷിച്ചിരുന്നു. ഇനി ഏപ്രില്‍ എട്ടിന് ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ഓരോ വിഭാഗത്തിലെയും വിജയികളെ പ്രഖ്യാപിക്കും.