ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹയുടെ MT15 വിപണിയില്‍ എത്തിയിട്ട് ഏകദേശം ഒരുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ബൈക്കിന്റെ 25,000 -ത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2019 മാര്‍ച്ച് മാസത്തില്‍ ആണ് ബൈക്ക് വിപണിയില്‍ എത്തിയത്. 5,203 യൂണിറ്റുകള്‍ ആ മാസം വിറ്റു. 20,417 യൂണിറ്റുകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി വിറ്റു. ബൈക്കിന്റെ ബിഎസ് VI പതിപ്പിനെയും 2020 ഫെബ്രുവരി മാസത്തില്‍ കമ്പനി വിപണിയില്‍ എത്തിച്ചു. പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില 1.38 ലക്ഷം രൂപയാണ്.

155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്യുഡ്-കൂള്‍ഡ് എഞ്ചിന്‍ 10,000 rpm -ല്‍ 18.5 bhp കരുത്ത് സൃഷ്ടിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടോര്‍ഖ് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ബിഎസ് VI പതിപ്പ് പുതിയ എഞ്ചിനൊപ്പം, പുതിയ നിറത്തിലും വിപണിയില്‍ ലഭ്യമാകും. ഫുള്ളി ഫെയേര്‍ഡ് YZF R15 V3.0 മോഡലിന്റെ നേക്കഡ് പതിപ്പാണ് MT-15. റെഡ് നിറവും, പുതിയ ബോഡി വര്‍ക്കുകളും ബൈക്കിന്റെ അലോയി വീലുകളില്‍ കാണാം. 

മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിംഗിള്‍-ചാനല്‍ എബിഎസ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, സിംഗിള്‍-പീസ് സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാകും ബൈക്കില്‍ മറ്റ് പ്രധാന സവിശേഷതകള്‍.