ആലപ്പുഴ: ജല അതോറിറ്റിയുടെ അനാസ്ഥയില്‍ നഷ്‍ടമായത് നിരപരാധിയായ ബൈക്ക് യാത്രികന്‍റെ ജീവന്‍. ജല അതോറിറ്റി അധികൃതർ വാൽവ് നന്നാക്കാൻ കുഴിച്ച ശേഷം മൂടാതെ ഇട്ടിരുന്ന കുഴിയിൽ ബൈക്ക് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവാണ് മരണത്തിനു കീഴടങ്ങിയത്. 

തലവടി ആനപ്രമ്പാൽ സ്വദേശി ആർ. രാജീവ് കുമാർ (33) ആണ് മരിച്ചത്. രണ്ടര മാസം മുമ്പ് നടന്ന അപകടത്തില്‍ പരിക്കേറ്റ്  കൊച്ചിയിൽ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രാജീവ് വ്യാഴാഴ്ച രാത്രി 12 മണിയോടെ ആണ് മരിച്ചത്. 

ഏപ്രിൽ 29 നു രാത്രി 7.30ഓടെ അമ്പലപ്പുഴ – തിരുവല്ല റോഡിലായിരുന്നു സംഭവം. കേറ്ററിങ് സ്ഥാപനം നടത്തുകയായിരുന്ന രാജീവ് ഈ റോഡിലൂടെ ബൈക്കില്‍ വരുന്നതിനിടെ വെള്ളക്കിണർ ജംക്‌‌ഷനിൽ വാട്ടർ അതോറിറ്റി ടാങ്കിനു മുന്നിലായിരുന്നു അപകടം.  മൂന്നടി താഴ്ചയിൽ ആയിരുന്നു വാൽവ്. വീഴ്ചയിൽ ഇതിന്റെ നോബ് യുവാവിന്റെ കണ്ണിൽ തുളച്ചു കയറുകയും തലയ്ക്കു സാരമായ പരിക്കേൽക്കുകയും ചെയ്‍തിരുന്നു. 

ഇതേ റോഡില്‍ മുമ്പും കുഴിയിൽ വീണും കൂറ്റൻ പൈപ്പിലേക്കു വാഹനം ഇടിച്ചു കയറിയുമുള്ള അപകടങ്ങളിൽ നിരവധി മരണങ്ങള്‍ സംഭവിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.