ബോണറ്റില്‍ കുടുങ്ങിയ കാട്ടുപൂച്ചയെയും കൊണ്ട് കാറോടിയത് 50 മൈലോളം ദൂരം. എങ്കിലും പൂച്ച അദ്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലാണ് സംഭവം. ബോബ് ക്യാറ്റ് എന്ന ഇനത്തില്‍പ്പെടുന്ന പൂച്ചയാണ് ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ഗ്രില്ലിനുള്ളില്‍ കുടുങ്ങിയത്.

ടൊയോട്ട പ്രയസിന്‍റെ ഫ്രണ്ട് ഗ്രില്ലിലാണ് പൂച്ച കുടുങ്ങിയത്. ഏകദേശം 50 മൈല്‍ ഓടിയതിനു ശേഷമാണ് ഡ്രൈവര്‍ പൂച്ച കുടുങ്ങിക്കിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് വാഹനം നിര്‍ത്തി അനിമല്‍ കെയറില്‍ വിവരമറിയിച്ചു. ഒടുവില്‍ കണ്ട്രോള്‍ റൂമില്‍ നിന്നും ആള്‍ക്കാരെത്തിയാണ് പൂച്ചയെ പുറത്തെടുത്ത്. രക്ഷകരെത്തുമ്പോള്‍ ഗ്രില്ലിനുള്ളില്‍ സുഖമായിട്ടിരിക്കുകയായിരുന്നു പൂച്ചച്ചാര്‍.

അബദ്ധത്തില്‍ വാഹനമിടിച്ച പൂച്ച ഗ്രില്ലില്‍ കുരുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. മുതുകിലുള്ള ചെറിയ പോറലൊഴിച്ചാല്‍ ഏകദേശം 40 പൗണ്ടോളം തൂക്കമുള്ള പൂച്ചക്ക് മറ്റു പരിക്കൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.