ചെന്നൈ: തമിഴ്‍നാട്ടില്‍ റോഡ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമം പാലിക്കാതെ വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈന്‍സന്‍സ് ആറുമാസം വരെ റദ്ദാക്കണമെന്ന സംസ്ഥാന റോഡ് സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദേശം നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.

അമിത വേഗം, മദ്യപിച്ചു വാഹനമോടിക്കല്‍, സിഗ്നലുകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണു താത്കാലികമായി ലൈസന്‍സ് റദ്ദാക്കുന്നത്. നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനത്തെ എല്ലാ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളോടും ആവശ്യപ്പെട്ടു.

ഗതാഗതമന്ത്രി എം ആര്‍ വിജയഭാസ്‌കറുടെ നേതൃത്വത്തില്‍ നടന്ന റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗമാണു സമിതിനിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്.

ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികരെ ബോധവത്കരിക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലറില്‍ ഹെല്‍മെറ്റില്ലാതെ വരുന്നവരെ പിടികൂടി അടുത്തുള്ള ആര്‍ ടി ഓഫീസില്‍ കൊണ്ടുപോയി രണ്ടു മണിക്കൂര്‍ ബോധവത്കരണം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

തമിഴ്‍നാട്ടില്‍ ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനുള്ളില്‍ വിവിധ വാഹനാപകടങ്ങളിലായി നാലായിരത്തിലധികം പേരാണു മരിച്ചത്. ജനുവരി മുതല്‍ മാര്‍ച്ച് വരെ നടന്ന 16,756 അപകടങ്ങളില്‍ 4,128 പേര്‍ മരിച്ചു.

റോഡ് സുരക്ഷ സംബന്ധിച്ചു സുപ്രീംകോടതി നിയോഗിച്ച സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചു മദ്രാസ് ഹൈക്കോടതിയില്‍ കേസുണ്ടായിരുന്നു. റോഡ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം വരുന്നത്.