Asianet News MalayalamAsianet News Malayalam

ഇടിപ്പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ടൊയോട്ട കൊറോള

ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പുത്തന്‍ കൊറോള സെഡാന്‍. ലാറ്റിന്‍ എന്‍സിഎപി (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് പുതിയ 2020 കൊറോളയുടെ മിന്നുന്ന പ്രകടനം.

2020 Toyota Corolla scores 5 star safety rating in crash test
Author
India, First Published Dec 16, 2019, 12:56 AM IST

ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പുത്തന്‍ കൊറോള സെഡാന്‍. ലാറ്റിന്‍ എന്‍സിഎപി (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് പുതിയ 2020 കൊറോളയുടെ മിന്നുന്ന പ്രകടനം.

64 കിലോമീറ്റര്‍ വേഗതയില്‍ നടത്തിയ ഫ്രണ്ട് ഓഫ്‌സെറ്റ് ക്രാഷ്, സൈഡ് ഇംപാക്ട് ക്രാഷ്, സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റ് എന്നിവയില്‍ വാഹനത്തിനുള്ളിലെ ഡമ്മി യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ ഒരുക്കാന്‍ പുതിയ കൊറോളയ്ക്ക് സാധിക്കുന്നതായി തെളിയിച്ചു.

മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള സുരക്ഷയില്‍ 34ല്‍ 29.41 മാര്‍ക്കും കുട്ടികള്‍ക്കുള്ള സുരക്ഷയില്‍ 49ല്‍ 45 മാര്‍ക്കുമാണ് കൊറോളയ്ക്ക് ലഭിച്ചത്. കൊറോളയുടെ പന്ത്രണ്ടാം തലമുറയില്‍പ്പെട്ട ബ്രസീലിയന്‍ സ്‌പെക്ക് മോഡലാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. 

ഏഴ് എയര്‍ബാഗ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഐസോഫിക്‌സ് ആന്‍ങ്കേഴ്‌സ്, ആന്റി ലോക്കിങ് ബ്രേക്കിങ് സംവിധാനം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയ കൊറോളയാണ് ക്രാഷ് ടെസ്റ്റില്‍ പാസായത്.

ടൊയോട്ടയുടെ പുതിയ ടിഎന്‍ജിഎ പ്ലാറ്റ്‌ഫോമിലാണ് ഈ പുതിയ ബ്രസീലിയന്‍ സ്‌പെക്ക് കൊറോളയുടെ നിര്‍മാണം. 177 എച്ച്പി പവര്‍ നല്‍കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക് മോട്ടോറിനൊപ്പം 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് പ്രീമിയം കൊറോളയുടെ ഹൃദയം.

നേരത്തെ യൂറോ NCAP ക്രാഷ് ടെസ്റ്റിലും കൊറോള അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങും സ്വന്തമാക്കിയിരുന്നു. 2020 -ഓടെ പുതിയ കൊറോള ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വര്‍ധിച്ചു വരുന്ന ചെലവും വിപണിക്ക് സെഡാന്‍ മോഡലുകളോടുള്ള താല്പര്യം കുറഞ്ഞതും കാരണം ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനത്തെ അവതരിപ്പിക്കുന്നതില്‍ നിന്നും ടൊയോട്ട പിന്നോട്ടുപോയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കമ്പനിയുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

കൊറോള ഉള്‍പ്പെടെ നിരവധി മോഡലുകളുടെ ഡീസല്‍ പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനും നീക്കമുണ്ട്. 2020 ഏപ്രില്‍ ഒന്നുമുതല്‍ വാഹനങ്ങള്‍ ബിഎസ്6 നിലവാരത്തിലേക്ക് മാറണം. 

ബിഎസ്6 ആയി നവീകരിക്കുമ്പോള്‍ ചെലവ് വര്‍ധിക്കുന്നതാണ് ഡീസല്‍ എഞ്ചിനുകളെ കൈവിടാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ തുടങ്ങി പ്രീമിയം നിരയിലെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കമ്പനിയുടെ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios