2026 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷണയോട്ടത്തിലാണ്. ഹിലക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ ഡിസൈൻ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പ്രധാന മാറ്റങ്ങളിൽ ഉൾപ്പെടുന്നു. എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റമില്ലാതെയാകും പുതിയ മോഡൽ എത്തുകയെന്നാണ് സൂചന.
ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പരീക്ഷണയോട്ടത്തിൽ. നിരവധി തവണ നിരത്തുകളിൽ കണ്ടെത്തിയ പുതിയ മോഡലിന്റെ സ്പൈ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ വാഹനത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിസൈനിലും ഫീച്ചറുകളിലും ശ്രദ്ധേയമായ പരിഷ്‌കാരങ്ങളോടെയാകും 2026 ടൊയോട്ട ഇന്നോവ ഹൈക്രോസ് എത്തുകയെന്നാണ് സൂചന.
ഹിലക്സ് പ്രചോദനമുള്ള പുതിയ മുഖം നിലവിലെ ഇന്നോവ ഹൈക്രോസിന്റെ അടിസ്ഥാന ഡിസൈനും ബോഡി സിലൂയറ്റും നിലനിർത്തിക്കൊണ്ടാകും പുതിയ മോഡൽ എത്തുക. എന്നാൽ മുൻഭാഗത്ത് വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. പുതിയ തലമുറ ടൊയോട്ട ഹിലക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ ശൈലിയാകും ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുക. പുതിയ ഡിസൈനിലുള്ള ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, കൂടുതൽ സ്ലീക്ക് ആയ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. വാഹനത്തിന്റെ വശഭാഗത്തെ രൂപകൽപ്പനയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷണ വാഹനത്തിൽ നിലവിലെ അലോയ് വീലുകളാണ് കണ്ടതെങ്കിലും, പ്രൊഡക്ഷൻ പതിപ്പിൽ പുതിയ ഡിസൈനിലുള്ള വീലുകൾ ലഭിച്ചേക്കും. പിൻഭാഗത്തും ചെറിയ പരിഷ്‌കാരങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പുതിയ എൽഇഡി സിഗ്നേച്ചറുള്ള ടെയിൽ ലാമ്പുകൾ, പുതുക്കിയ ബമ്പർ, റിയർ വൈപ്പർ, റൂഫ് സ്‌പോയിലർ, റിയർ ഡിഫോഗർ തുടങ്ങിയ മാറ്റങ്ങൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
വലിയ ടച്ച്‌സ്‌ക്രീനും കൂടുതൽ ഫീച്ചറുകളും പുതിയ ഇന്നോവ ഹൈക്രോസിന്റെ അകത്തളത്തിലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പുറത്തുവന്ന സ്പൈ വീഡിയോയിൽ നിലവിലെ മോഡലിനേക്കാൾ വലുപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് ശ്രദ്ധയിൽപ്പെട്ടത്. നിലവിലെ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീനിന് പകരം 10.25 ഇഞ്ചിന് മുകളിലുള്ള പുതിയ സ്‌ക്രീൻ ലഭിക്കാനാണ് സാധ്യത. ഡാഷ്‌ബോർഡ് ലേഔട്ടിൽ വലിയ മാറ്റമുണ്ടാകില്ലെങ്കിലും, പുതിയ സീറ്റ് അപ്ഹോൾസ്റ്ററിയും ഇന്റീരിയർ ട്രിമ്മുകളും ലഭിച്ചേക്കും. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, കണക്റ്റഡ് കാർ ടെക്നോളജി, മെച്ചപ്പെടുത്തിയ 360 ഡിഗ്രി ക്യാമറ സംവിധാനം തുടങ്ങിയ ഫീച്ചറുകളും പുതിയ മോഡലിൽ പ്രതീക്ഷിക്കുന്നു.
എഞ്ചിനിൽ മാറ്റമില്ല പുതിയ ഇന്നോവ ഹൈക്രോസിന്റെ മെക്കാനിക്കൽ വിഭാഗത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ 2.0 ലിറ്റർ പെട്രോൾ എൻജിനും 2.0 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിനും തുടരും. സിവിടി ഗിയർബോക്‌സിനൊപ്പം ലഭിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ 173 പിഎസ് കരുത്തും 204 എൻഎം ടോർക്കും നൽകുന്നു. ഹൈബ്രിഡ് പതിപ്പിൽ പെട്രോൾ എൻജിനൊപ്പം ഇലക്ട്രിക് മോട്ടോറും പ്രവർത്തിക്കുകയും 184 പിഎസ് സംയോജിത കരുത്ത് നൽകുകയും ചെയ്യും. ഇ-സിവിടി ട്രാൻസ്മിഷൻ തന്നെയാകും ഹൈബ്രിഡ് മോഡലിലും തുടരുക.
2026 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും വിലയും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ കൂടുതൽ ഫീച്ചറുകളോടെയും പുതുക്കിയ രൂപകൽപ്പനയോടെയും എത്തുന്ന പുതിയ പതിപ്പ് എംപിവി വിപണിയിൽ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ.


