ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൺ മാർട്ടിന്റെ കാറുകൾക്ക് ഇന്ത്യയിൽ വൻ വിലക്കുറവ് പ്രഖ്യാപിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്‌ടിഎ) ഫലമായി പരമാവധി 4.02 കോടി രൂപ വരെയാണ് വിലയിൽ കുറവുണ്ടായത്.

ഇന്ത്യയിലെ ആഡംബര കാർ പ്രേമികൾക്ക് വൻ സന്തോഷവാർത്ത. ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൺ മാർട്ടിന്റെ കാറുകൾക്ക് ഇന്ത്യയിൽ വൻ വിലക്കുറവ്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്‌ടിഎ) ഭാഗമായി കമ്പനിയുടെ ഏഴ് മോഡലുകളുടെ വിലയാണ് കുറച്ചത്. പരമാവധി 4.02 കോടി രൂപ വരെയാണ് വിലയിൽ കുറവുണ്ടായത്. എന്നാൽ വിലക്കുറവിന് ശേഷവും ആസ്റ്റൺ മാർട്ടിൻ കാറുകൾ അൾട്രാ ആഡംബര വിഭാഗത്തിൽ തന്നെയാണ് തുടരുന്നത്.

വാൻക്വിഷ് മോഡലുകൾക്ക് നാലുകോടി രൂപയിലേറെ വിലക്കുറവ്

ആസ്റ്റൺ മാർട്ടിന്റെ വാൻക്വിഷ് വോളാന്‍റേ മോഡലിനാണ് ഏറ്റവും വലിയ വിലക്കുറവ് ലഭിച്ചിരിക്കുന്നത്. നേരത്തെ 10.92 കോടി രൂപയായിരുന്ന വാഹനത്തിന്റെ വില ഇപ്പോൾ 6.90 കോടി രൂപയായി കുറഞ്ഞു. അതായത് 4.02 കോടി രൂപയുടെ കുറവ്. വാൻക്വിഷ് കൂപ്പെയുടെ വിലയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 10.11 കോടി രൂപയായിരുന്ന വാഹനത്തിന്റെ പുതിയ വില 6.40 കോടി രൂപയാണ്. 3.71 കോടി രൂപയുടെ കുറവാണ് ഈ മോഡലിന് ലഭിച്ചിരിക്കുന്നത്.

ഡിബി12 എസ് ശ്രേണിക്കും വൻ ഇളവ്

ആസ്റ്റൺ മാർട്ടിന്റെ ഡിബി12 എസ് ശ്രേണിയിലെ രണ്ട് മോഡലുകൾക്കും വിലക്കുറവുണ്ട്. ഡിബി12 എസ് കൂപ്പെയുടെ വില 6.62 കോടി രൂപയിൽ നിന്ന് 4.10 കോടി രൂപയായി കുറഞ്ഞു. 2.52 കോടി രൂപയുടെ ഇളവാണ് ലഭിക്കുന്നത്. ഡിബി12 എസ് വോളാന്റേയുടെ വില 7 കോടി രൂപയിൽ നിന്ന് 4.35 കോടി രൂപയായും കുറച്ചു. ഇതോടെ ഈ മോഡലിന് 2.65 കോടി രൂപയുടെ വിലക്കുറവ് ലഭിക്കും.

വാന്‍റേജ് എസ്, ഡിബിഎക്സ് എസ് എന്നിവയ്ക്കും വില കുറഞ്ഞു

ആസ്റ്റൺ മാർട്ടിന്റെ പെർഫോമൻസ് കാർ ശ്രേണിയിലെ പ്രധാന മോഡലായ വാന്റേജ് എസ് കൂപ്പെയുടെ വില 4.99 കോടി രൂപയിൽ നിന്ന് 3.15 കോടി രൂപയായി കുറച്ചു. വാന്‍റേജ് എസ് റോഡ്‌സ്റ്ററിന്റെ വില 5.26 കോടി രൂപയിൽ നിന്ന് 3.35 കോടി രൂപയായും കുറഞ്ഞു. കമ്പനിയുടെ ആഡംബര പെർഫോമൻസ് എസ്‌യുവിയായ ഡിബിഎക്സ് എസിനും 2.65 കോടി രൂപയുടെ വിലക്കുറവുണ്ട്. നേരത്തെ 6.80 കോടി രൂപയായിരുന്ന വാഹനത്തിന്റെ പുതിയ വില 4.15 കോടി രൂപയാണ്.

ഇന്ത്യ-യുകെ വ്യാപാര കരാർ നിർണായകം

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറാണ് ആസ്റ്റൺ മാർട്ടിൻ കാറുകളുടെ വില കുറയാൻ പ്രധാന കാരണം. കരാർ പ്രകാരം നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന യുകെയിൽ നിർമിച്ച കാറുകൾക്ക് ഇന്ത്യയിലെ ഇറക്കുമതി തീരുവയിൽ ഇളവ് ലഭിക്കും. ഇതിന്‍റെ ഭാഗമായി ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കൾ ഇന്ത്യൻ വിപണിയിലെ വാഹനവില പുനഃക്രമീകരിക്കുകയാണ്. ജെയിംസ് ബോണ്ട് സിനിമകളുമായുള്ള ദീർഘകാല ബന്ധവും ആസ്റ്റൺ മാർട്ടിന് ആഗോളതലത്തിൽ വലിയ ജനപ്രീതി നേടിക്കൊടുത്തിട്ടുണ്ട്. സിനിമകളിൽ പ്രത്യക്ഷപ്പെട്ട ഡിബി5 പോലുള്ള മോഡലുകൾ ബ്രാൻഡിന്റെ പ്രശസ്‍തി വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

പുതിയ വിലക്കുറവ് ഇന്ത്യയിലെ ആഡംബര കാർ വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എങ്കിലും വിലക്കുറവിന് ശേഷവും ഏറ്റവും കുറഞ്ഞ വിലയുള്ള വാന്‍റേജ് എസ് കൂപ്പെയ്ക്ക് 3.15 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. അതായത്, വിലയിൽ കോടികളുടെ ഇളവ് ലഭിച്ചിട്ടും ആസ്റ്റൺ മാർട്ടിൻ കാറുകൾ ഇപ്പോഴും അതിസമ്പന്നരുടെ വാഹനങ്ങൾ തന്നെയാണ്.