Asianet News MalayalamAsianet News Malayalam

'പരസ്യത്തില്‍ പറഞ്ഞ മൈലേജില്ല'; ഉടമയ്ക്ക് പ്രമുഖ കാര്‍ കമ്പനി 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

കാര്‍ കമ്പിനിയുടെ എക്സിക്യൂട്ടീവ് വാഗ്ദാനം ചെയ്തത് 32 കി.മി മൈലേജ് ആണ്. എന്നാല്‍ പുതിയ വാഹനം ഓടിച്ച് തുടങ്ങിയപ്പോള്‍ മൈലേജ് ഇരുപതിനും താഴെ.

consumer court ordered the car dealer to pay 3 lakh in compensation for misleading mileage advertisements
Author
First Published Dec 2, 2022, 11:43 AM IST

തൃശ്ശൂര്‍: കാറിന് വാദ്ഗാനം ചെയ്ത മൈലേജ് ലഭിക്കാത്തതിന് ഫയല്‍ ചെയ്ത കേസില്‍ കാറുടമയ്ക്ക് 3,10000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി.  തൃശൂർ ഉപഭോക്തൃ കോടതിയുടേതാണ് വിധിച്ചു. ചൊവ്വൂര്‍ സ്വദേശിനി സൗദാമിനിയായിരുന്നു വാഹന കമ്പനിക്കെതിരെ പരാതി നല്‍കിയത്. ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റര്‍ പറഞ്ഞിടത്ത് ഇരുപത് കിലോമീറ്ററില്‍ താഴെയാണ് മൈലേജ് കിട്ടിയത്. ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

2014 ല്‍ ആണ് സൗദാമിനി എട്ട് ലക്ഷം രൂപ മുടക്കി ഫോര്‍ഡിന്‍റെ പുതിയ ഒരു കാര്‍ വാങ്ങുന്നത്. അന്ന് കാര്‍ കമ്പിനിയുടെ എക്സിക്യൂട്ടീവ് വാഗ്ദാനം ചെയ്തത് 32 കി.മി മൈലേജ് ആണ്. എന്നാല്‍ പുതിയ വാഹനം ഓടിച്ച് തുടങ്ങിയപ്പോള്‍ മൈലേജ് ലഭിച്ചത് ഇരുപതിനും താഴെ. ഒരുപാടുകാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കാര്‍ വാങ്ങുന്നത്. കമ്പനി പറഞ്ഞ ഉറപ്പില്‍ വാഹനം വാങ്ങി അത് ഉപയോഗിച്ചപ്പോള്‍ പറ്റിക്കപ്പെട്ടത് അംഗീകരിക്കാനായില്ലെന്ന് സൗദാമിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 'സാധാരണ ഗതിയില്‍ ഇങ്ങനെ ആരും പരാതിയുമായി വരാറില്ല. പക്ഷേ ഈ അബദ്ധം എല്ലാവര്‍ക്കും പറ്റുന്നതാണ്. വാഹന കമ്പനികളുടെ പരസ്യത്തിലും വാഗ്ദാനത്തിലും ആകൃഷ്ടരായി ലക്ഷങ്ങള്‍ മുടക്കി വാഹനം വാങ്ങും. ഇത്തരത്തില്‍ പലര്‍ക്കും അനുഭവങ്ങളുണ്ടെങ്കിലും ആരും പരാതി പറയാറില്ല. ഇതൊരു സ്വാഭാവികമായ സംഗതി ആണെന്നാണ് എല്ലാവരും കരുതുക. അതുകൊണ്ടാണ് സൗദാമിനിയുടെ കേസ് ഏറ്റെടുത്തതെന്ന്' അഭിഭാഷകന്‍ എ.ഡി ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേസ് നടത്തുമ്പോള്‍ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഒന്ന് ശ്രമിച്ച് നോക്കാമെന്ന് പരാതിക്കാരിയോട് പറഞ്ഞു. ബ്രോഷറിലെ വിവരങ്ങളില്‍ മൈലേജിനെപ്പറ്റിയുള്ള വാഗ്ദാനം ഉണ്ടായിരുന്നു. അത് പ്രധാന തെളിവായി. കമ്മീഷന്‍ വെച്ച് പരിശോധിച്ചപ്പോഴും 19 കി.മീ താഴെയാണ് മൈലേജ് ലഭിച്ചത്. കമ്പിനിയുടെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു. വാഹന കമ്പനിക്കും ഡീലര്‍ക്കും എതിരെയുമാണ് വിധി വന്നിട്ടുള്ളത്.

Read More : അഞ്ച് ഡോർ മഹീന്ദ്ര ഥാർ കൺസെപ്റ്റ് റെൻഡർ ചെയ്‍തു

Follow Us:
Download App:
  • android
  • ios