2026 മാർച്ചോടെ ഇന്ത്യയിൽ ഒരു പുതിയ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) അവതരിപ്പിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ സ്ഥിരീകരിച്ചു. ഈ പുതിയ ഇലക്ട്രിക് കാർ പ്രത്യേകിച്ച് ഇന്ത്യൻ വിപണിക്കായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തതായിരിക്കും. ഹൈബ്രിഡ് സാങ്കേതികവിദ്യയിലും ഹോണ്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ടുത്ത സാമ്പത്തിക വർഷത്തേക്ക്, അതായത് 2026 മാർച്ചോടെ ഒരു പുതിയ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ സ്ഥിരീകരിച്ചു. വരാനിരിക്കുന്ന പുതിയ ഹോണ്ട ഇവി, നേരത്തെ ഊഹിച്ചിരുന്നതുപോലെ, ഹോണ്ട എലിവേറ്റിനെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത് ഒരു പുതിയ ഇലക്ട്രിക് കാറായിരിക്കും. പ്രത്യേകിച്ച് ഇന്ത്യൻ വിപണിക്കായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തതായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

എങ്കിലും, വരാനിരിക്കുന്ന ഇലക്ട്രിക് വാഹനത്തെക്കുറിച്ച് കമ്പനി ഔദ്യോഗികമായി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അദതായത് അതൊരു എസ്‌യുവിയാണോ അതോ സെഡാനാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, വരാനിരിക്കുന്ന ഹോണ്ട ഇലക്ട്രിക് ഒരു എസ്‌യുവി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ് ഇവി, എംജി ഇസഡ്എസ് ഇവി, വരാനിരിക്കുന്ന മാരുതി ഇ വിറ്റാര തുടങ്ങിയ കാറുകളെ വെല്ലുവിളിക്കാൻ ലക്ഷ്യമിടുന്നു. ഷോറൂമുകളിൽ ഇവി എത്തുന്നതിനുമുമ്പ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനായി ഹോണ്ട കാർസ് ഇന്ത്യ പ്രവർത്തിക്കുന്നു.

ഹൈബ്രിഡ് സാങ്കേതികവിദ്യയിലും ഹോണ്ടയ്ക്ക് വലിയ ശ്രദ്ധയുണ്ട്. വരും വർഷങ്ങളിൽ അതിന്റെ ഹൈബ്രിഡ് ഉൽപ്പന്ന പോർട്ട്‌ഫോളിയോ വികസിപ്പിക്കാനും അവർ ലക്ഷ്യമിടുന്നു. കൂടാതെ, ജാപ്പനീസ് വാഹന നിർമ്മാതാക്കൾ 1.5 ലിറ്റർ പെട്രോൾ എഞ്ചിനും പുതിയ ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമുള്ള ബ്രാൻഡിന്റെ പുതിയ e-HEV ഹൈബ്രിഡ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന ഒരു പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

സെഡാനുകൾ, എസ്‌യുവികൾ, ഹൈബ്രിഡുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉൾപ്പെടെ ഭാവിയിലെ ഉൽപ്പന്നങ്ങൾക്കായി ഹോണ്ട ഒരു പുതിയ ആഗോള ആർക്കിടെക്ചർ (കോഡ് നാമം - PF2) വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ട്. 2027 ൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ PF2 പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്ന ആദ്യ മോഡൽ മൂന്ന് നിര എസ്‌യുവി ആയിരിക്കാം. 2028 ലും 2029 ന്റെ തുടക്കത്തിലും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പുതുതലമുറ ഹോണ്ട സിറ്റിയെയും സബ്‌കോംപാക്റ്റ് എസ്‌യുവിയെയും ഇതേ ആർക്കിടെക്ചർ പിന്തുണയ്ക്കും.

ഹൈബ്രിഡ് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്, ഹൈബ്രിഡ് വാഹനങ്ങൾക്ക് മത്സരാധിഷ്ഠിത വില ഉറപ്പാക്കുന്നതിനായി ഹൈബ്രിഡ് പവർട്രെയിൻ പ്രാദേശികവൽക്കരിക്കാൻ ഹോണ്ട കാർസ് ഇന്ത്യ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.