ആഭ്യന്തര വില്‍പ്പനയിലും 4.5 ശതമാനത്തിന്‍റെ വളര്‍ച്ച കമ്പനി പ്രകടിപ്പിച്ചു. ആഭ്യന്തര വിപണിയില്‍ ആകെ 1,44,277 യൂണിറ്റുകളാണ് മാരുതി വിറ്റത്. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ 1,38,100 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചിരുന്നത്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുന്നു. ഒക്ടോബര്‍ മാസത്തിലെ വില്‍പ്പനയിലൂടെ വിപണിയില്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് മാരുതി. ഒക്ടോബര്‍ മാസത്തില്‍ ആകെ 1,53,435 വാഹനങ്ങളാണ് മാരുതി വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.5 ശതമാനമാണ് വിപണിയില്‍ മുന്നേറിയത്. 2018 ഒക്ടോബറില്‍ കമ്പനിയുടെ ആകെ വില്‍പ്പന 1,44,277 യൂണിറ്റുകളായിരുന്നു. 

ആഭ്യന്തര വില്‍പ്പനയിലും 4.5 ശതമാനത്തിന്‍റെ വളര്‍ച്ച കമ്പനി പ്രകടിപ്പിച്ചു. ആഭ്യന്തര വിപണിയില്‍ ആകെ 1,44,277 യൂണിറ്റുകളാണ് മാരുതി വിറ്റത്. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ 1,38,100 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചിരുന്നത്. ആൾട്ടോ, വാഗൺ ആർ, പുതുതായി പുറത്തിറക്കിയ എസ്- പ്രസ്സോ എന്നിവ ഉൾപ്പെടുന്ന മിനി കാറുകളുടെ വിൽപ്പന 28,537 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇത് 32,835 യൂണിറ്റായിരുന്നു. 13.1 ശതമാനം ഇടിവാണ് ഈ വിഭാഗത്തിലുണ്ടായത്. 

കോംമ്പാക്ട് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുടെ വില്‍പ്പനയിലാകട്ടെ മുന്നേറ്റമാണുണ്ടായത്. 15.9 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഈ വിഭാഗത്തിലെ മോഡലുകളുടെ കാര്യത്തിലുണ്ടായത്. സ്വിഫ്റ്റ്, സെലേറിയോ, ബെലേനോ തുടങ്ങിയ ഉള്‍പ്പെടുന്ന ഈ വിഭാഗത്തില്‍ നിന്ന് ഒക്ടോബറില്‍ 75,094 യൂണിറ്റുകള്‍ വിറ്റുപോയി. 2018 ഒക്ടോബറില്‍ ഇത് 64,789 യൂണിറ്റുകളായിരുന്നു.

മിഡ്- സൈസ് സെഡാൻ സിയാസ് 2,371 യൂണിറ്റ് വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,892 യൂണിറ്റായിരുന്നു വിറ്റഴിച്ചത്. 39.1 ശതമാനത്തിന്‍റെ ഇടിവാണ് ഈ ഗണത്തിലുണ്ടായത്.

വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽ‌പന 23,108 യൂണിറ്റായി ഉയര്‍ന്നു. മുൻ‌വർഷം ഇത് 20,764 യൂണിറ്റായിരുന്നു. ഒക്ടോബറിൽ കയറ്റുമതി 5.7 ശതമാനം ഉയർന്ന് 9,158 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8,666 യൂണിറ്റായിരുന്നുവെന്ന് മാരുതി സുസുക്കി ഇന്ത്യ വ്യക്തമാക്കി.