അടുത്ത ഒന്നര വർഷത്തിനുള്ളിൽ മാരുതി സുസുക്കി നിരവധി പുതിയ വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 500 കി.മീ റേഞ്ചുള്ള 7 സീറ്റർ ഇലക്ട്രിക് എംപിവി, പുതിയ ബലെനോ, ഹൈബ്രിഡ് കരുത്തുള്ള ഫ്രോങ്ക്സ് എന്നിവയാണ് ഇതിൽ പ്രധാനം. ഇലക്ട്രിക്, ഹൈബ്രിഡ്, ജൈവ ഇന്ധന സാങ്കേതികവിദ്യകളിലൂടെ വിപണിയിൽ മുന്നേറ്റം കുറിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ന്ത്യൻ വാഹന വിപണിയിൽ വൻ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് മാരുതി സുസുക്കി. അടുത്ത ഒന്നര വർഷത്തിനുള്ളിൽ നിരവധി പുതിയ മോഡലുകളും നിലവിലുള്ള വാഹനങ്ങളുടെ പരിഷ്‍കരിച്ച പതിപ്പുകളും അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഇലക്ട്രിക് വാഹന നിര വിപുലീകരിക്കുന്നതിനൊപ്പം ഹൈബ്രിഡ്, ജൈവ ഇന്ധന സാങ്കേതികവിദ്യകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മാരുതി. പുതിയ മോഡലുകളിൽ പലതും നിലവിൽ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടത്തിലാണ്. ഇലക്ട്രിക്, ഹൈബ്രിഡ്, പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് വരും വർഷങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകാനാണ് കമ്പനിയുടെ പദ്ധതി. ഇതിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 3 മോഡലുകൾ ഏതൊക്കെയെന്ന് നോക്കാം.

500 കിലോമീറ്ററിലധികം റേഞ്ചുമായി പുതിയ 7 സീറ്റർ ഇവി

മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന മോഡൽ നിരയിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായിരിക്കും പുതിയ 7 സീറ്റർ ഇലക്ട്രിക് എംപിവി. വൈഎംസീ എന്ന കോഡ് നാമത്തിലാണ് വാഹനം നിലവിൽ അറിയപ്പെടുന്നത്. പരീക്ഷണയോട്ടത്തിനിടെ പുറത്തുവന്ന ചിത്രങ്ങൾ വാഹനത്തിന് നീളവും വീതിയുമേറിയ കുടുംബ കാർ രൂപകൽപ്പനയായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. ഏകദേശം 4.5 മീറ്റർ നീളമുള്ള വാഹനമായിരിക്കും ഇതെന്നാണ് പ്രതീക്ഷ. മാരുതി സുസുക്കിയുടെ ഇ-വിറ്റാരയ്ക്കായി ഉപയോഗിക്കുന്ന ഇലക്ട്രിക് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാകും പുതിയ മോഡൽ എത്തുക. ഒറ്റത്തവണ പൂർണമായി ചാർജ് ചെയ്താൽ 500 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയുന്ന റേഞ്ച് വാഹനത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന.

പുതിയ രൂപത്തിൽ മാരുതി ബലെനോ

മാരുതിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബാലെനോയും പുതിയ രൂപത്തിൽ എത്താൻ ഒരുങ്ങുകയാണ്. 2026 സെപ്റ്റംബർ 5ന് പുതുക്കിയ ബാലെനോ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ മോഡലിന്റെ പുറം രൂപത്തിലും അകത്തെ ക്യാബിനിലും നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. സ്വിഫ്റ്റിൽ ഉപയോഗിക്കുന്ന പുതിയ 1.2 ലിറ്റർ ഇസഡ്-സീരീസ് 3 സിലിണ്ടർ പെട്രോൾ എൻജിൻ ബാലെനോയിൽ ലഭിച്ചേക്കും. പെട്രോൾ പതിപ്പിനൊപ്പം സിഎൻജി വേരിയന്റും അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. 5 സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും ലഭിച്ചേക്കും.

ഫ്രോങ്ക്സിനും ഹൈബ്രിഡ് കരുത്ത്

ബലെനോയ്ക്ക് പിന്നാലെ മാരുതി ഫ്രോങ്ക്സിനും മിഡ്-സൈക്കിൾ അപ്ഡേറ്റ് ലഭിക്കുമെന്നാണ് സൂചന. അടുത്ത വർഷത്തോടെ പരിഷ്കരിച്ച ഫ്രോങ്ക്സ് വിപണിയിലെത്തിയേക്കും. പരീക്ഷണയോട്ടത്തിനിടെ കണ്ടെത്തിയ വാഹനത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും ഡിസൈൻ മാറ്റങ്ങൾ വരുത്തിയതായി കാണാം. അന്താരാഷ്ട്ര മോഡലിന് സമാനമായി ഇന്ത്യൻ ഫ്രോങ്ക്സിലും എഡിഎഎസ് ഉൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങൾ ലഭിച്ചേക്കും. ഇതിന് പുറമെ മാരുതി സുസുക്കി സ്വന്തം ചെലവ് കുറഞ്ഞ ‘സ്ട്രോങ് ഹൈബ്രിഡ്’ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ സാങ്കേതികവിദ്യ വാഹനങ്ങളുടെ ഇന്ധനക്ഷമത ഗണ്യമായി വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ജൈവ ഇന്ധനത്തിലും ശ്രദ്ധ

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്കൊപ്പം പരിസ്ഥിതി സൗഹൃദ ഇന്ധന സാങ്കേതികവിദ്യയിലും മാരുതി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അടുത്തിടെ വാഗൺആറിന്റെ ബയോഫ്ലെക്സ് പതിപ്പ് കമ്പനി അവതരിപ്പിച്ചിരുന്നു. എത്തനോൾ അധിഷ്ഠിത സാങ്കേതികവിദ്യ മറ്റ് ജനപ്രിയവും വില കുറഞ്ഞതുമായ മോഡലുകളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. എൻട്രി ലെവൽ, ബജറ്റ് വിഭാഗങ്ങളിലുള്ള കാറുകളിൽ ഈ എൻജിൻ സാങ്കേതികവിദ്യ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്. ഇലക്ട്രിക്, ഹൈബ്രിഡ്, ജൈവ ഇന്ധന സാങ്കേതികവിദ്യകളെ ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ ഇന്ത്യൻ വാഹന വിപണിയിലെ മാറുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുസരിച്ച് മോഡൽ നിര ശക്തിപ്പെടുത്തുകയാണ് മാരുതി സുസുക്കിയുടെ ലക്ഷ്യം.