പോർഷെ ഇന്ത്യ തങ്ങളുടെ പുതിയ 911 GT3 '992.2' പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ചു, ഇതിന്റെ എക്സ്-ഷോറൂം വില ₹3.33 കോടിയാണ്. 510 bhp കരുത്തുള്ള 4.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഈ സൂപ്പർകാറിന് കരുത്തേകുന്നത്. മെച്ചപ്പെട്ട ട്രാക്ക് പ്രകടനത്തിനായി വെയ്‌സാച്ച് പാക്കേജ്, മാന്തേ കിറ്റ് തുടങ്ങിയ ഓപ്ഷണൽ അപ്‌ഗ്രേഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
പോർഷെ ഇന്ത്യ തങ്ങളുടെ വളരെ ജനപ്രിയവും ട്രാക്ക് ഫോക്കസ് ചെയ്തതുമായ സ്പോർട്സ് കാറായ പോർഷെ 911 GT3 യുടെ പുതിയ '992.2' പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ഈ സൂപ്പർകാറിന്റെ എക്സ്-ഷോറൂം വില 3.33 കോടി രൂപയാണ്. 2024 ഒക്ടോബറിലാണ് പോർഷെ ആദ്യമായി ഈ മോഡൽ ആഗോളതലത്തിൽ പുറത്തിറക്കിയത്. 911 ശ്രേണിയിലെ ഏറ്റവും പ്രകടനക്ഷമതയുള്ള മോഡലായി GT3 വേരിയന്റ് കണക്കാക്കപ്പെടുന്നു. നാച്ച്വറലി ആസ്പിറേറ്റഡ് എഞ്ചിൻ ഉള്ള ചുരുക്കം ചില പോർഷെ കാറുകളിൽ ഒന്നാണിത്. പുതിയ 911 GT3 ന് വെറും 3.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സൂപ്പർകാറിനെക്കുറിച്ച് കൂടുതലറിയാം.
പവർട്രെയിനും പെർഫോമൻസും
പുതിയ പോർഷെ 911 GT3 യിൽ 4.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫ്ലാറ്റ്-സിക്സ് പെട്രോൾ എഞ്ചിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഇത് 9000 rpm വരെ വേഗത കൈവരിക്കാൻ കഴിയും. ഈ എഞ്ചിൻ 510 bhp കരുത്തും 450 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ആഗോളതലത്തിൽ, 6-സ്പീഡ് മാനുവലും 7-സ്പീഡ് PDK ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും ഈ കാർ വാഗ്ദാനം ചെയ്യുന്നു, എന്നാൽ ഇന്ത്യയിൽ, 7-സ്പീഡ് PDK ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമേ ഇത് വാഗ്ദാനം ചെയ്യുന്നുള്ളൂ. പെർഫോമൻസിന്‍റെ കാര്യത്തിൽ, പുതിയ 911 GT3 വെറും 3.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും പരമാവധി വേഗത 311 കിലോമീറ്റർ ആണെന്നും പോർഷെ അവകാശപ്പെടുന്നു. മികച്ച ഡ്രൈവിംഗ് അനുഭവത്തിനും ഉയർന്ന വേഗതയുള്ള സ്ഥിരതയ്ക്കും, ഭാരം കുറഞ്ഞ സ്റ്റെയിൻലെസ് സ്റ്റീൽ സ്പോർട്സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, പിൻ-വീൽ സ്റ്റിയറിംഗ്, ടോർക്ക് വെക്റ്ററിംഗ്, ആക്റ്റീവ് സ്‌പോർട് സസ്‌പെൻഷൻ തുടങ്ങിയ സവിശേഷതകൾ സ്റ്റാൻഡേർഡാണ്.
സ്റ്റാൻഡേർഡ് 911 കരേരയേക്കാൾ സ്പോർട്ടിയറും കൂടുതൽ എയറോഡൈനാമിക് ലുക്കും
ഡിസൈൻ കാര്യത്തിൽ, പുതിയ 911 GT3-ക്ക് സ്റ്റാൻഡേർഡ് 911 കരേരയേക്കാൾ സ്പോർട്ടിയറും കൂടുതൽ എയറോഡൈനാമിക് ലുക്കും ഉണ്ട്. രണ്ട് വലിയ എയർ ഡക്ടുകളുള്ള ഒരു പുതിയ ഫ്രണ്ട് ഹുഡ് ഇതിലുണ്ട്. വലിയ ഫ്രണ്ട് സ്പ്ലിറ്ററും വലിയ എയർ ഇൻടേക്കുകളും ഇതിന് കൂടുതൽ ആക്രമണാത്മകമായ രൂപം നൽകുന്നു. ഉയർന്ന പ്രകടനമുള്ള സ്‌പോർട്‌സ് ടയറുകളിൽ പൊതിഞ്ഞ വലിയ അലോയ് വീലുകളിലാണ് കാർ ഓടുന്നത്.
വെയ്‌സാച്ച് പാക്കേജ്
പോർഷെയുടെ വിംഗ്‌ലെസ് ടൂറിംഗ് പാക്കേജ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമല്ല. എങ്കിലും, കമ്പനി വെയ്‌സാച്ച് പാക്കേജ് വാഗ്ദാനം ചെയ്യുന്നു, ഇതിന് 43.9 ലക്ഷം രൂപ അധിക ചിലവാകും. റോൾ കേജ് ഇല്ലാതെ, വില 35.06 ലക്ഷം ആണ് വില. ഈ പാക്കേജിൽ ഒരു കാർബൺ ഫൈബർ ഹുഡ്, കാർബൺ ഫൈബർ മേൽക്കൂര, ഭാരം കുറഞ്ഞ വാതിലുകൾ, ഒരു കാർബൺ ഫൈബർ റോൾ കേജ്, 6-പോയിന്റ് സീറ്റ് ബെൽറ്റുകൾ, നിരവധി ഭാരം ലാഭിക്കുന്ന അപ്‌ഗ്രേഡുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ഏകദേശം ഒരുകോടി വിലവരുന്ന മാന്തേ കിറ്റ് എന്ന ഓപ്ഷനും പോർഷെ ഇന്ത്യ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. മെച്ചപ്പെട്ട ട്രാക്ക് പ്രകടനത്തിനായി ഈ കിറ്റ് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. വലിയ കാർബൺ ഫൈബർ റിയർ വിംഗ്, പുതിയ എയറോഡൈനാമിക് ഘടകങ്ങൾ, മെച്ചപ്പെട്ട സസ്‌പെൻഷൻ സജ്ജീകരണം, നവീകരിച്ച ബ്രേക്കുകൾ, കാർബൺ എയറോഡിസ്കുകൾ, ഒരു പുതിയ റിയർ ഡിഫ്യൂസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രീമിയം ഇന്റീരിയർ 911 GT3 യുടെ ക്യാബിൻ 911 കരേരയുടെ ക്യാബിനുമായി ഏറെക്കുറെ സമാനമാണ്. എങ്കിലും ചില സ്‌പോർട്ടി മാറ്റങ്ങളുണ്ട്. കാറിൽ ഒരു പരമ്പരാഗത ഗിയർ നോബ്, ഡാഷ്‌ബോർഡിൽ ഒരു അനലോഗ് സ്റ്റോപ്പ് വാച്ച്, വ്യത്യസ്തമായ അപ്ഹോൾസ്റ്ററി എന്നിവയുണ്ട്. ഡ്രൈവിംഗിലും പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിൽ ഈ മോഡലിന് പിൻ സീറ്റുകൾ ഇല്ല. 10.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.6 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8-സ്പീക്കർ ഓഡിയോ സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, 4-വേ പവർഡ് സ്‌പോർട്‌സ് സീറ്റുകൾ എന്നിവയാണ് സവിശേഷതകൾ.


