മുംബൈ: ഒറ്റ ടാങ്ക് ഹൈഡ്രജനിൽ 778 കിലോമീറ്റർ പിന്നിട്ട് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോർ കമ്പനിയുടെ ഫ്യുവല്‍സെല്‍ (എഫ്‌സിവി) കാറായ നെക്‌സോ. ഫ്രഞ്ച് ഏറോനോട്ടായ ബെർട്രാൻഡ് പിക്കാഡായിരുന്നു ചരിത്രത്തിലേക്ക് ഈ നെക്സോയെ ഓടിച്ചു കയറ്റിയത്.

ബാറ്ററിക്ക് പകരം ഫ്യൂവല്‍ സെല്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് എഫ്‌സിവി എന്നറിയപ്പെടുന്നത്. ഫ്യൂവല്‍ സെല്ലാണ് വാഹനത്തിലെ ഇലക്ട്രിക് മോട്ടോറിന് വൈദ്യുതി നല്‍കുന്നത്. വൈദ്യുതരാസ സെല്ലായ ഫ്യൂവല്‍ സെല്‍ ഇന്ധനത്തിലെ രാസോര്‍ജ്ജത്തെ വൈദ്യുതിയാക്കി മാറ്റുകയാണ് ചെയ്യുന്നത്.  ടാങ്കിൽ സൂക്ഷിച്ച ഹൈഡ്രജനും അന്തരീക്ഷത്തിൽ നിന്ന് ലഭിക്കുന്ന ഓക്സിജനും സമന്വയിപ്പിച്ചാണ് ഇത്തരം കാറുകളുടെ പ്രവർത്തനം. ഓക്സിജനും ഹൈഡ്രജനും ചേർന്ന് ഊർജം ഉല്‍പ്പാദിപ്പിക്കുമ്പോൾ‌ അവശേഷിക്കുന്നത് ശുദ്ധമായ നീരാവി മാത്രമാണ്.

ഹൈഡ്രജൻ ഇന്ധനമാക്കിയാണു നെക്സൊ വൈദ്യുതി സൃഷ്ടിക്കുന്നത്. സാധാരണ ഇലക്ട്രിക് പവര്‍ട്രെയ്‌നേക്കാള്‍ ഭാരം കുറഞ്ഞതാണ് ഫ്യൂവല്‍ സെല്‍ ഡ്രൈവ്‌ട്രെയ്ന്‍. നെക്‌സോ എസ്‌യുവി 161 ബിഎച്ച്പി പരമാവധി കരുത്തും 395 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അധികമായി സൃഷ്ടിക്കുന്ന ഊർ‌ജം സംഭരിക്കാന്‍ 1.56 കിലോവാട്ട് അവർ ബാറ്ററിയും കാറിലുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് വെറും 9.2 സെക്കന്‍ഡ് മാത്രം മതി വാഹനത്തിന്. മണിക്കൂറില്‍ 177 കിലോമീറ്ററാണ് ടോപ് സ്പീഡ്. പുറത്തെ താപനില മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമ്പോഴും നെക്‌സോ എഫ്‌സിവി കോള്‍ഡ് സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കും.

ഷാര്‍പ്പ് ലുക്കിലുള്ള, ഐ20-യുടെയും ക്രെറ്റയുടെയും ക്രോസ് ഓവറാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന രൂപമാണ് നെക്സോയുടേത്. ചെറിയ ഗ്രില്ലും നീളമുള്ള എല്‍ഇഡി ഹെഡ് ലൈറ്റുമാണ് മുന്‍വശത്തെ ആകര്‍ഷണം. 12.3 ഇഞ്ച് വലിപ്പത്തില്‍ രണ്ട് എല്‍ഇഡി സ്‌ക്രീനുകളുണ്ട് ഇന്റീരിയറില്‍. ഇതിന്റെ ഇടതുവശത്തെ ഡിസ്‌പ്ലേയില്‍ സ്‍പീഡ്, റേഞ്ച് എന്നീ വിവരങ്ങളും വലത് ഡിസ്‌പ്ലേയില്‍ കണക്റ്റിവിറ്റി, ഇന്‍ഫോടെയ്ന്‍മെന്റ് ഓപ്ഷനുകളും ദൃശ്യമാകും.

വാഹനത്തിനകത്തെ വായു ശുദ്ധീകരിക്കുന്ന ഫീച്ചറാണ് നെക്‌സോയുടെ മറ്റൊരു പ്രധാന സവിശേഷത. ഇന്‍സ്ട്രുമെന്‍റ് കണ്‍സോളില്‍ ഇക്കാര്യം അറിയിക്കും. ബ്ലൈന്‍ഡ് സ്‌പോട്ട് വ്യൂ മിറര്‍, ലെയ്ന്‍ ഫോളോയിംഗ് അസിസ്റ്റ്, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, റിമോട്ട് പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവയും ഫീച്ചറുകളായിട്ടുണ്ട്. കാറിന് ഓട്ടോണമസായി പാര്‍ക്ക് ചെയ്യാനും ഇറങ്ങിവരാനും സാധിക്കുമെന്നതും പ്രത്യേകതയാണ്.

സാധാരണ വൈദ്യുത വാഹനങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ധന സെൽ‌ വാഹനങ്ങൾ പ്ലെഗ് കുത്തി ചാർജ് ചെയ്യേണ്ടെന്ന നേട്ടവുമുണ്ട്. പകരം പരമ്പരാഗത വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതു പോലെ തന്നെ ഹൈഡ്രജൻ ടാങ്കിൽ‌ നിറയ്ക്കാം. നെക്സൊയുടെ പിൻബലത്തിൽ ഫ്യുവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ(എഫ് സി ഇ വി) വിൽപനയിൽ മികച്ച നേട്ടം കൊയ്യാൻ ഹ്യുണ്ടായിക്കു സാധിച്ചിട്ടുണ്ട്. ടൊയോട്ടയുടെ മിറൈ ആണ് ഈ വിഭാഗത്തിൽ നെക്സൊയ്ക്ക് എതിരാളി.

അതേസമയം പരിസ്ഥിതി സൗഹൃദവും മലിനീകരണ വിമുക്തവുമായ സാങ്കേതികവിദ്യകൾക്ക് റെക്കോഡ് സൃഷ്ടിക്കാൻ വിപ്ലവകരമായ മാതൃകകൾ ആവശ്യമില്ലെന്ന് ഈ ജൈത്രയാത്ര തെളിയിച്ചതായി റെക്കോഡിട്ട നെക്സോ ഓടിച്ച പിക്കാഡ് അഭിപ്രായപ്പെട്ടു. സാധാരണ, ഹൈഡ്രജന്‍ ഇന്ധന വാഹനത്തിനു തന്നെ ഇത്തരം തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാനാവും. പരിസ്ഥിതിയെ സംരക്ഷിച്ചു തന്നെ മികച്ച പ്രകടനം സാധ്യമാവുന്ന യുഗത്തിനാണ് തുടക്കമാവുന്നതെന്നും അദ്ദേഹം വിലയിരുത്തി.

നേരത്തെ സൗരോർജത്തിന്റെ പിൻബലത്തിൽ ലോകം ചുറ്റി പറന്ന വിമാനത്തിന്റെ വൈമാനികനും പിക്കാഡായിരുന്നു. 778 കിലോമീറ്റർ‌ പിന്നിട്ട് നെക്സൊ ദൗത്യം പൂർത്തിയാക്കുമ്പോൾ‌ ഇനിയും 49 കിലോമീറ്ററർ കൂടി ഓടാനുള്ള ഇന്ധനം ടാങ്കിലുണ്ടെന്നായിരുന്നു കാറിലെ ഓണ്‍ബോഡ് ഡയഗ്നോസ്റ്റിക്സ് സംവിധാനത്തിന്റെ കണക്ക്. നേരത്തെ ഒറ്റ ടാങ്കിൽ‌ 611 കിലോമീറ്റര് പിന്നിട്ട് നെക്സൊ തന്നെയായിരുന്നു റെക്കോഡ് കുറിച്ചത്.

2021-ഓടെ നെക്സോ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊറിയന്‍ വിപണിയിലുള്ള നെക്‌സോ എഫ്‌സിവിയെയാണ് കമ്പനി ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുന്നത്. കൊറിയന്‍ നിരത്തിലുള്ള നെക്‌സോ ഇന്ത്യയിലെത്തുമ്പോള്‍ 1000 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം.