ടാറ്റയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവിന്യ ഇലക്ട്രിക് എസ്‌യുവിയുടെ ലോഞ്ച് 2027 ലേക്ക് നീട്ടി. ജാഗ്വാർ ലാൻഡ് റോവറുമായുള്ള പങ്കാളിത്തത്തിലെ പ്രശ്നങ്ങളാണ് വൈകലിന് കാരണം.
ടാറ്റയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവിന്യ ഇലക്ട്രിക് എസ്‌യുവിയുടെ ലോഞ്ച് വൈകുമെന്ന് റിപ്പോർട്ട്. 2022 ഓട്ടോ എക്‌സ്‌പോയിലാണ് ഈ മോഡൽ ആദ്യമായി അതിന്റെ കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ചത്. ഇതിന്റെ പ്രൊഡക്ഷൻ-റെഡി പതിപ്പ് 2026 ഓടെ പുറത്തിറക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നു. എങ്കിലും, ഇപ്പോൾ സമയപരിധി 2027 ലേക്ക് നീട്ടിയിരിക്കുന്നു. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയിലെ സിസിഒ വിവേക് ശ്രീവത്സ, ടാറ്റ അവിന്യ ബ്രാൻഡ് 2027 ൽ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി.
ടാറ്റയും ജാഗ്വാർ ലാൻഡ് റോവറും തമ്മിലുള്ള പങ്കാളിത്തമാണ് ഈ വൈകലിനുള്ള പ്രധാന കാരണം . അവിനിയ ശ്രേണിയിലെ വാഹനങ്ങൾക്ക് ജെഎൽആറിന്റെ ഇഎംഎ (ഇലക്ട്രിഫൈഡ് മോഡുലാർ ആർക്കിടെക്ചർ) പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനുള്ള ഒരു ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവച്ചിരുന്നു. ഹാരിയർ, സഫാരി എസ്‌യുവികൾക്കായി ജെഎൽആറിന്റെ D8 പ്ലാറ്റ്‌ഫോമിൽ മുമ്പ് പങ്കാളിത്തം വഹിച്ചിരുന്ന ഈ രണ്ട് ബ്രാൻഡുകളും തമ്മിലുള്ള രണ്ടാമത്തെ സഹകരണമാണിത്. ജെആർഎല്ലിന്റെ തമിഴ്‌നാട് പ്ലാന്റ് ഷെഡ്യൂൾ ചെയ്ത സമയത്തിന് പിന്നിലായതിനാൽ ലോഞ്ച് വൈകുന്നു. കഴിഞ്ഞ വർഷം ഇലക്ട്രിക് വാഹന ഘടകങ്ങൾ വാങ്ങുന്നതിനായി ജെഎൽആർ പ്രാദേശിക വിതരണക്കാരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഉയർന്ന വില കാരണം പദ്ധതി താൽക്കാലികമായി നിർത്തിവച്ചു.
നേരത്തെ, നിർമ്മാണ ചെലവ് കുറയ്ക്കുന്നതിനായി ഇഎംഎ പ്ലാറ്റ്‌ഫോം പ്രാദേശികവൽക്കരിക്കുമെന്ന് ടാറ്റ പറഞ്ഞിരുന്നു. കൂടാതെ ജെഎൽആർ അതിന്റെ വിതരണക്കാരുമായി നടത്തുന്ന ചർച്ചകൾ മത്സരാധിഷ്ഠിത വിലയിൽ ഹൈടെക് ഘടകങ്ങൾ ലഭിക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇഎംഎ ആർക്കിടെക്ചർ ഉപയോഗിച്ച്, അവിന്യ ബ്രാൻഡിനെ പ്രീമിയം ഓഫറായി സ്ഥാപിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു.
ഇപ്പോൾ, ടാറ്റ മോട്ടോഴ്‌സ് പ്ലാൻ ബി പര്യവേക്ഷണം ചെയ്യുകയാണ്. ഇത് ഇഎംഎ പ്ലാറ്റ്‌ഫോമിന്റെ കുറഞ്ഞ വിലയുള്ള പതിപ്പോ ടാറ്റ ഗ്രൂപ്പിന് പുറത്തുനിന്നുള്ള പൂർണ്ണമായും പുതിയൊരു ആർക്കിടെക്ചറോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജെൻ 3 സ്കേറ്റ്‌ബോർഡിൽ ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്ത ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും ടാറ്റ അവിന്യ.
അവിന്യ ബ്രാൻഡിന് കീഴിൽ അഞ്ച് ഇലക്ട്രിക് മോഡലുകൾ ടാറ്റ കൊണ്ടുവരും എന്നാണ് റിപ്പോർട്ടുകൾ. P1, P2, P3, P4, P5 തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നിരത്തിലിറങ്ങുന്ന ആദ്യത്തെ പ്രൊഡക്ഷൻ-റെഡി മോഡലായിരിക്കും P1. ഈ മോഡൽ ടാറ്റയുടെ സനന്ദ് ആസ്ഥാനമായുള്ള പ്ലാന്റിൽ നിർമ്മിക്കും. 35 ലക്ഷം രൂപയിൽ കൂടുതൽ വില വരുന്ന ഒരു ഇലക്ട്രിക് എസ്‌യുവിയായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകൾ.
