ടാറ്റ മോട്ടോഴ്‌സ് 2025 ഒക്ടോബറില്‍ വാണിജ്യ വാഹന വില്‍പ്പനയില്‍ 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതിനൊപ്പം, ഏറെ കാത്തിരിക്കുന്ന ഹാരിയർ, സഫാരി പെട്രോൾ പതിപ്പുകൾ പുതിയ 1.5 ലിറ്റർ TGDi എഞ്ചിനുമായി 2025 ഡിസംബറിൽ വിപണിയിലെത്തും.

ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ഒക്ടോബര്‍ 2025ല്‍ ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിപണികളില്‍ 37,530 വാണിജ്യ വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തിലെ 34,259 യൂണിറ്റുകളെ അപേക്ഷിച്ച് 10 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൊമര്‍ഷ്യല്‍ വാഹന വിഭാഗങ്ങളില്‍, ഹെവി കമര്‍ഷ്യല്‍ ട്രക്കുകള്‍ 10,737 യൂണിറ്റ് (7% വളര്‍ച്ച), ഇന്റര്‍മീഡിയറ്റ് & ലൈറ്റ് കമര്‍ഷ്യല്‍ ട്രക്കുകള്‍ 6,169 യൂണിറ്റ് (6% വളര്‍ച്ച), പാസഞ്ചര്‍ കാരിയേഴ്‌സ് 3,184 യൂണിറ്റ് (12% വളര്‍ച്ച), പിസിവി കാര്‍ഗോയും പിക്കപ്പുകളും 15,018 യൂണിറ്റ് (7% വളര്‍ച്ച) എന്നിങ്ങനെയാണ് വില്‍പ്പന. ആഭ്യന്തര വിപണിയില്‍ 35,108 യൂണിറ്റ് വിറ്റപ്പോള്‍, അന്താരാഷ്ട്ര വിപണിയില്‍ 2,422 യൂണിറ്റ് വിറ്റു. 56% വളര്‍ച്ചയോടെ. എം.എച്ച് & ഐ.സി.വി. വിഭാഗത്തിലെ ആഭ്യന്തര വില്‍പ്പന 16,624 യൂണിറ്റും ആഭ്യന്തരവും അന്താരാഷ്ട്രവുമായ മൊത്തം വില്‍പ്പന 17,827 യൂണിറ്റുമാണ് രേഖപ്പെടുത്തിയത്.

അതേസമയം ടാറ്റയിൽ നിന്നുള്ള മറ്റ് വാർത്തകളിൽ ഏറെക്കാലമായി കാത്തിരുന്ന ടാറ്റ ഹാരിയർ, സഫാരി പെട്രോൾ പതിപ്പുകൾ ഒടുവിൽ വിപണിയിലെത്താൻ അടുത്തിരിക്കുന്നു. രണ്ട് എസ്‌യുവികളും 2025 ഡിസംബർ ഒമ്പതിന് വിൽപ്പനയ്‌ക്കെത്തും. ടാറ്റയുടെ പുതിയ 1.5 ലിറ്റർ TGDi (ടർബോചാർജ്‍ഡ്, ഡയറക്ട് ഇഞ്ചക്ഷൻ) പെട്രോൾ എഞ്ചിനായിരിക്കും ഇവയ്ക്ക് കരുത്ത് പകരുന്നത്. ഈ മുൻനിര മോഡലുകളിൽ അരങ്ങേറ്റം കുറിക്കുന്നു.

2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച ഈ എഞ്ചിൻ 5,000rpm-ൽ പരമാവധി 170PS പവറും 2,000rpm മുതൽ 3,500rpm വരെ 280Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ടാറ്റയുടെ പുതിയ 1.5L ടർബോ പെട്രോൾ എഞ്ചിൻ BS6 ഫേസ് II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുകയും E20 എത്തനോൾ മിശ്രിത പെട്രോളിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു.

ഭാരം കുറഞ്ഞ അലൂമിനിയം കൊണ്ട് നിർമ്മിച്ച പുതിയ TGDi എഞ്ചിൻ മെച്ചപ്പെട്ട മൈലേജും പെർഫോമൻസും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. വാട്ടർ-കൂൾഡ് വേരിയബിൾ ടർബോചാർജർ, വേരിയബിൾ വാൽവ് ടൈമിംഗ്, ഇന്റഗ്രേറ്റഡ് എക്‌സ്‌ഹോസ്റ്റ് മാനിഫോൾഡ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഇതിൽ നൽകിയിട്ടുണ്ട്. ട്രാൻസ്മിഷൻ ഓപ്‍ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഉൾപ്പെടും.