മാരുതി ബ്രെസയുടെ പുതിയ പതിപ്പിനോട് മത്സരിക്കാൻ ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിന്റെ പുതിയ വകഭേദങ്ങൾ അവതരിപ്പിക്കാനൊരുങ്ങുന്നു. 2026 ഓഗസ്റ്റിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലുകളിൽ പെട്രോൾ, സിഎൻജി ഓപ്ഷനുകൾ ഉണ്ടാകുമെന്നാണ് സൂചന. ഈ നീക്കം സബ്-4 മീറ്റർ എസ്‌യുവി വിപണിയിലെ മത്സരം കൂടുതൽ ശക്തമാക്കും.

ന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി വിപണിയിൽ മത്സരം കൂടുതൽ ശക്തമാകാനൊരുങ്ങുന്നു. ബ്രെസയുടെ പുതുക്കിയ പതിപ്പ് മാരുതി സുസുക്കി പുറത്തിറങ്ങിയതിന് പിന്നാലെ, നെക്‌സോണിന്റെ പുതിയ വകഭേദങ്ങൾ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സും ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. 2026 ഓഗസ്റ്റ് ഒന്നുമുതൽ പുതിയ വേരിയന്റുകൾ വിപണിയിൽ എത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ വകഭേദങ്ങളെക്കുറിച്ച് ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും പെട്രോൾ, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളിലാകും പുതിയ മോഡലുകൾ എത്തുകയെന്നാണ് സൂചന. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ വിലയും ഫീച്ചറുകളും കേന്ദ്രീകരിച്ചുള്ള വേരിയന്റ് തന്ത്രമാണ് കമ്പനി സ്വീകരിക്കുകയെന്നാണ് വിലയിരുത്തൽ.

അടുത്തിടെ മാരുതി സുസുക്കി ബ്രെസയ്ക്ക് മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിച്ചിരുന്നു. പുതിയ ടർബോ-പെട്രോൾ എഞ്ചിൻ, അണ്ടർബോഡി സിഎൻജി ടാങ്ക്, ചെറിയ ഡിസൈൻ മാറ്റങ്ങൾ, കൂടുതൽ സുരക്ഷാ സവിശേഷതകൾ എന്നിവയോടെയാണ് വാഹനം എത്തിയത്. കൂടാതെ, ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗും പുതിയ ബ്രെസ സ്വന്തമാക്കിയിട്ടുണ്ട്. 7.40 ലക്ഷം രൂപ മുതൽ 13.55 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില.

നിലവിൽ ടാറ്റ നെക്‌സോണിന്‍റെ വില 7.40 ലക്ഷം രൂപ മുതൽ 14.30 ലക്ഷം രൂപ വരെയാണ്. 120 bhp കരുത്തും 170 Nm ടോർക്കും നൽകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും, 115 bhp കരുത്തും 260 Nm ടോർക്കും ഉൽപാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് വാഹനത്തിലുള്ളത്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി ഗിയർബോക്‌സുകൾക്കൊപ്പം തിരഞ്ഞെടുത്ത പെട്രോൾ വേരിയന്റുകളിൽ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമാണ്.

ഇതിനിടെ, 2027-ൽ നെക്‌സോണിന്റെ അടുത്ത തലമുറ മോഡലും ടാറ്റ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 'ഗരുഡ്' എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന പുതിയ എസ്‌യുവിക്ക് കൂടുതൽ ആധുനിക ഡിസൈൻ, മെച്ചപ്പെട്ട ഫീച്ചറുകൾ, പരിഷ്കരിച്ച പ്ലാറ്റ്‌ഫോം എന്നിവ ലഭിക്കുമെന്നാണ് സൂചന. നിലവിലുള്ള പെട്രോൾ, ഡീസൽ എഞ്ചിനുകൾ തന്നെയാകും പുതിയ മോഡലിലും തുടരുകയെന്നാണ് പ്രതീക്ഷ.

അതേസമയം, പുതിയ നെക്‌സോൺ വകഭേദങ്ങളുടെ വില, ഫീച്ചറുകൾ, വേരിയന്റ് ക്രമീകരണം എന്നിവ സംബന്ധിച്ച അന്തിമ വിവരങ്ങൾ ടാറ്റ മോട്ടോഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ വ്യക്തമാകൂ. വിപണിയിൽ പുതിയ ബ്രെസയുമായുള്ള മത്സരം കൂടുതൽ കടുപ്പിക്കാനാണ് ടാറ്റയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.