2030-ഓടെ വിപണി വിഹിതം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ടാറ്റ മോട്ടോഴ്‌സ്, സിയറ, ഹാരിയർ, സഫാരി എന്നിവയുടെ പുതിയ പതിപ്പുകൾ ഉൾപ്പെടെ നിരവധി പുതിയ മോഡലുകൾ ആസൂത്രണം ചെയ്യുന്നു.
2030 ആകുമ്പോഴേക്കും വിപണി വിഹിതത്തിന്റെ 18-20% ലക്ഷ്യമിട്ട്, പാസഞ്ചർ വാഹന (പിവി), ഇലക്ട്രിക് വാഹന (ഇവി) വിപണികളിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് ടാറ്റ മോട്ടോഴ്‌സിന് വലിയ ഉൽപ്പന്ന തന്ത്രമുണ്ട്. അർബൻ കോംപാക്റ്റ് ഇവികൾ, ഇടത്തരം കുടുംബ കാറുകൾ, ലൈഫ്‌സ്റ്റൈൽ എസ്‌യുവികൾ, പ്രീമിയം ഇലക്ട്രിക് എസ്‌യുവികൾ എന്നിവയുൾപ്പെടെ നിരവധി പുതിയ മോഡലുകൾ കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്.
കൂടാതെ, 4 മീറ്ററിൽ കൂടുതൽ നീളമുള്ള എസ്‌യുവികളിൽ ഈ പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്തുകൊണ്ട് സിഎൻജി, ഹൈബ്രിഡ് വാഹന വിഭാഗങ്ങളിലേക്ക് കടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റയുടെ നിലവിലുള്ള ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ അത്തരം മൂന്ന് എസ്‌യുവികൾ ഉൾപ്പെടുന്നു. കർവ്വ്, ഹാരിയർ, സഫാരി, വരാനിരിക്കുന്ന സിയറ തുടങ്ങിയവയാണ് ഈ മോഡലുകൾ.
ആവശ്യക്കാർ ഉണ്ടെങ്കിൽ 4.3 മീറ്റർ സെഗ്‌മെന്റിൽ തങ്ങളുടെ സിഎൻജി ഉൽപ്പന്ന നിര വികസിപ്പിക്കുന്നത് കമ്പനി പരിഗണിച്ചേക്കുമെന്ന് അടുത്തിടെ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ആൻഡ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെ മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. നെക്‌സോൺ സിഎൻജിയിൽ ലഭ്യമായ കോൺഫിഗറേഷന് സമാനമായ ടർബോ-പെട്രോൾ എഞ്ചിനോടുകൂടിയാണ് സിഎൻജി സജ്ജീകരണം വാഗ്‍ദാനം ചെയ്യാനാണ് സാധ്യത.
2027 മുതൽ പ്രാബല്യത്തിൽ വരുന്ന കർശനമായ കഫെ 3 എമിഷൻ മാനദണ്ഡത്തിന്റെ വെളിച്ചത്തിലാണ് സിഎൻജി വിപുലീകരണത്തിലേക്കും ഹൈബ്രിഡ് പവർട്രെയിനുകൾ സ്വീകരിക്കുന്നതിലേക്കും ഉള്ള മുന്നേറ്റം. 2025 സാമ്പത്തിക വർഷത്തിൽ, സിഎൻജി , ഹൈബ്രിഡ് വാഹന വിഭാഗങ്ങൾ യഥാക്രമം 35 ശതമാനം, 15.40 ശതമാനം വളർച്ച കൈവരിച്ചു.
ടാറ്റ മോട്ടോഴ്‌സ് 2025 നവംബർ 25 ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിയറ മിഡ്‌സൈസ് എസ്‌യുവി അവതരിപ്പിക്കും. ലോഞ്ച് ചെയ്യുമ്പോൾ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ ഓപ്ഷനുകൾ ഉൾപ്പെടെ ഐസിഇ (ആന്തരിക ജ്വലന എഞ്ചിൻ) പവർട്രെയിനുകൾ മാത്രമേ ഈ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യൂ. ടാറ്റ സിയറ ഇവി 2026 ന്റെ തുടക്കത്തിൽ എത്തും. ടാറ്റ ഹാരിയർ, സഫാരി പെട്രോൾ പതിപ്പുകൾ 2025 ഡിസംബർ 9 ന് പുറത്തിറങ്ങും . രണ്ട് എസ്‌യുവികളും ടാറ്റയുടെ പുത്തൻ 1.5 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 170PS പവർ ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ മാനുവൽ, ഓട്ടോമാറ്റിക് യൂണിറ്റുകൾ ഉൾപ്പെടും.


