ടാറ്റ മോട്ടോഴ്‌സ് 30 പുതിയ മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു, അതിൽ ആദ്യത്തേത് അടുത്ത തലമുറ സിയറ എസ്‌യുവിയാണ്.
ഇന്ത്യൻ വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന് മികച്ച ഒരു ഉൽപ്പന്ന തന്ത്രമുണ്ട്. 2030 ഓടെ ഏഴ് പുതിയ നെയിംപ്ലേറ്റുകൾ ഉൾപ്പെടെ 30 പുതിയ മോഡലുകൾ പുറത്തിറക്കുമെന്ന് തദ്ദേശീയ വാഹന നിർമ്മാതാക്കൾ അടുത്തിടെ പ്രഖ്യാപിച്ചു. അടുത്ത തലമുറ സിയറ എസ്‌യുവി വിപണിയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ പുതിയ നെയിംപ്ലേറ്റായിരിക്കും. അതേസമയം ഒരു പുതിയ സബ്-4 മീറ്റർ എസ്‌യുവിയും പദ്ധതിയിലുണ്ട്. പുതിയ ടാറ്റ കോംപാക്റ്റ് എസ്‌യുവി ടാറ്റ സ്‍കാർലറ്റ് എന്ന കോഡ് നാമത്തിൽ അവതരിപ്പിക്കും. ഇതൊരു മിനി സിയറ ആയിരിക്കുമെന്നും ഇടത്തരം എസ്‌യുവിയുമായി ഡിസൈൻ ഘടകങ്ങളും സവിശേഷതകളും പങ്കിടുമെന്നും റിപ്പോട്ടുകൾ പറയുന്നു.
ടാറ്റയുടെ പുതിയ കോംപാക്റ്റ് എസ്‌യുവിയായ ടാറ്റ സ്‍കാർലറ്റ് സിയറയുടേതിന് സമാനമായ ബോക്‌സി സ്റ്റാൻസ് ഉള്ള കാർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐസിഇ എഞ്ചിൻ, ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവയെ പിന്തുണയ്ക്കുന്ന ഒരു മോണോകോക്ക് ചേസിസിൽ ഇത് രൂപകൽപ്പന ചെയ്യും എന്നാണ് റിപ്പോട്ടുകൾ.
അതേസമയം ഈ കാറിന്‍റെ എഞ്ചിൻ വിശദാംശങ്ങൾ ഇപ്പോൾ വ്യക്തമല്ല. എങ്കിലും മിനി ടാറ്റ സിയറ നെക്‌സോണിൽ നിന്ന് 120bhp, 1.2L ടർബോ പെട്രോൾ എഞ്ചിൻ കടമെടുത്തേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. കർവ്വിന്റെ 125bhp, 1.2L ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ എഞ്ചിനും വാഗ്‌ദാനം ചെയ്‌തേക്കാം. ടാറ്റയുടെ പുതിയ 1.5 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ എഞ്ചിൻ സ്‍കാർലറ്റ് എസ്‌യുവിക്ക് ലഭിച്ചേക്കാം. ഈ എഞ്ചിൻ വരും മാസങ്ങളിൽ ഹാരിയർ, സഫാരി എസ്‌യുവികളിൽ അരങ്ങേറും. ഈ മോട്ടോർ പരമാവധി 170 ബിഎച്ച്പി പവറും 280 എൻഎം ടോർക്കും സൃഷ്‍ടിക്കും. പുതിയ ടാറ്റ കോംപാക്റ്റ് എസ്‌യുവിയുടെ വലുപ്പം കണക്കിലെടുക്കുമ്പോൾ, ഇത് വ്യത്യസ്‍ത ട്യൂണുകളിൽ വാഗ്‍ദാനം ചെയ്യാൻ സാധ്യതയുണ്ട്. അതേസമയം നിലവിൽ, സ്‍കാർലറ്റിൽ ഡീസൽ എഞ്ചിൻ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. ഇലക്ട്രിക് പവർട്രെയിനോടുകൂടി ഈ പുതിയ സബ്കോംപാക്റ്റ് എസ്‌യുവി ടാറ്റ അവതരിപ്പിച്ചേക്കാം എന്നും റിപ്പോട്ടുകൾ പറയുന്നു.
നാല് മീറ്ററിൽ താഴെയുള്ള എസ്‌യുവി വിഭാഗത്തിൽ ടാറ്റ ഇതിനകം തന്നെ പഞ്ച്, നെക്‌സോൺ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇവ രണ്ടും മികച്ച വിൽപ്പനയും നേടുന്നുണ്ട്. മിനി ടാറ്റ സിയറയുടെ വിലകൾ ഈ രണ്ട് കോംപാക്റ്റ് എസ്‌യുവികളക്കാളും അൽപ്പം കൂടുതല്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, ടാറ്റ പഞ്ചിന്റെ വില 6.20 ലക്ഷം മുതൽ 10.32 ലക്ഷം രൂപ വരെയാണ്. അതേസമയം നെക്‌സോണിന്റെ എക്സ്-ഷോറൂം വില 8 ലക്ഷം രൂപ മുതൽ 15.60 ലക്ഷം രൂപ വരെയാണ്. ടാറ്റ ഇതുവരെ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും മഹീന്ദ്ര ബൊലേറോയുമായി ടാറ്റ സ്‍കാർലറ്റ് മത്സരിക്കുമെന്നും റിപ്പോട്ടുകൾ പറയുന്നു.
