2030-ഓടെ ഇന്ത്യൻ വിപണിയിൽ ആറ് പുതിയ എസ്‌യുവികൾ അവതരിപ്പിക്കാൻ ഹ്യുണ്ടായി ഒരുങ്ങുന്നു. പെട്രോൾ, സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക്, ഓഫ്-റോഡ് വിഭാഗങ്ങളിലായി കോംപാക്ട് മുതൽ പ്രീമിയം 7-സീറ്റർ മോഡലുകൾ വരെ ഈ നിരയിലുണ്ടാകും. ടാറ്റ പഞ്ചിനെ നേരിടാൻ ഇലക്ട്രിക് എസ്‌യുവിയും, ക്രെറ്റയുടെ ഹൈബ്രിഡ് പതിപ്പും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ വാഹന വിപണിയിൽ വൻ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് ഹ്യുണ്ടായി. 2030ഓടെ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി എസ്‌യുവി വിഭാഗത്തിൽ മാത്രം ആറ് പുതിയ മോഡലുകളാണ് കമ്പനി പരിഗണിക്കുന്നത്. പെട്രോൾ, സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക്, ഓഫ്-റോഡ് മോഡലുകളിലൂടെ വിപണി കൂടുതൽ വിപുലീകരിക്കാനാണ് ഹ്യുണ്ടായിയുടെ നീക്കം.
ബയോൺ അടിസ്ഥാനമാക്കിയുള്ള പുതിയ എസ്‌യുവി
വെന്യുവിനും ക്രെറ്റയ്ക്കും ഇടയിലായി പുതിയ എസ്‌യുവി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബയോൺ അടിസ്ഥാനമാക്കിയുള്ള ഈ മോഡലിന് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും സിഎൻജി ഓപ്ഷനും ലഭിച്ചേക്കും. 4 മീറ്ററിൽ താഴെയുള്ള വിഭാഗത്തിൽ ഹ്യുണ്ടായിയുടെ ആദ്യ സിഎൻജി എസ്‌യുവിയായേക്കും ഇത്. എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, എഡിഎഎസ് തുടങ്ങിയ ആധുനിക ഫീച്ചറുകളും വാഹനത്തിൽ പ്രതീക്ഷിക്കുന്നു. ക്രോസ്ഓവർ ശൈലിയിലുള്ള ഡിസൈനും ഡ്യുവൽ ടോൺ അലോയ് വീലുകളും വാഹനത്തിന്റെ പ്രത്യേകതകളായേക്കും.
ഹൈബ്രിഡ് കരുത്തുമായി പുതിയ ക്രെറ്റ
മൂന്നാം തലമുറ ക്രെറ്റയിലും വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഡിസൈനിലും ഫീച്ചറുകളിലും സമഗ്രമായ പരിഷ്‌കരണങ്ങൾ വരുത്തിയേക്കും. ഏറ്റവും ശ്രദ്ധേയമായ മാറ്റം ശക്തമായ ഹൈബ്രിഡ് പവർട്രെയിനായിരിക്കും. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനെ അടിസ്ഥാനമാക്കിയുള്ള ഹൈബ്രിഡ് സംവിധാനം പുതിയ ക്രെറ്റയിൽ അവതരിപ്പിക്കാനാണ് സാധ്യത. ഇതോടെ മൈലേജിലും പെർഫോമൻസിലും കൂടുതൽ മെച്ചപ്പെടുത്തൽ പ്രതീക്ഷിക്കാം.
ടാറ്റ പഞ്ച് ഇവിയെ നേരിടാൻ കോംപാക്ട് ഇലക്ട്രിക് എസ്‌യുവി
ഇലക്ട്രിക് വാഹന രംഗത്തും ഹ്യുണ്ടായി കൂടുതൽ സജീവമാകുകയാണ്. ഇന്ത്യയ്ക്കായി പ്രാദേശികമായി വികസിപ്പിക്കുന്ന കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയാണ് കമ്പനിയുടെ മറ്റൊരു പ്രധാന മോഡൽ. ഇൻസ്റ്റർ ഇ.വിയുമായി പവർട്രെയിൻ സാങ്കേതികവിദ്യ പങ്കിടാൻ സാധ്യതയുള്ള വാഹനത്തിന് സ്റ്റാൻഡേർഡ് റേഞ്ച്, ലോംഗ് റേഞ്ച് പതിപ്പുകൾ ലഭിച്ചേക്കും. ടാറ്റ പഞ്ച് ഇ.വിയായിരിക്കും പ്രധാന എതിരാളികളിലൊന്ന്.
ഏഴ് സീറ്റുമായി നി1ഐ
ക്രെറ്റയ്ക്കും വലിയ എസ്‌യുവികൾക്കുമിടയിൽ പുതിയ 7 സീറ്റർ മോഡലും ഹ്യുണ്ടായി ഒരുക്കുന്നു. നി1ഐ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ പ്രീമിയം എസ്‌യുവിക്ക് ക്രെറ്റയുമായി പവർട്രെയിൻ പങ്കിടാൻ സാധ്യതയുണ്ട്. ഹൈബ്രിഡ് പതിപ്പും വാഹനത്തിൽ പ്രതീക്ഷിക്കുന്നു. ചൈനീസ് വിപണിയിൽ വിൽക്കുന്ന ട്യൂസൺ ലോംഗ് വീൽബേസ് പതിപ്പുമായി പുതിയ എസ്‌യുവിക്ക് ബന്ധമുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ.
2028ൽ പാലിസേഡ് എത്തുമോ?
ഹ്യുണ്ടായിയുടെ ആഗോള ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ പാലിസേഡും ഇന്ത്യയിലെത്തും. 2028ഓടെ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് സാധ്യത. 2.5 ലിറ്റർ ടർബോ പെട്രോൾ എൻജിനും 2 ഇലക്ട്രിക് മോട്ടോറുകളും ഉൾപ്പെടുന്ന അടുത്ത തലമുറ ഹൈബ്രിഡ് പവർട്രെയിൻ പാലിസേഡിന് ലഭിച്ചേക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഈ സംവിധാനം എത്താൻ സാധ്യതയുണ്ട്.
ഓഫ്-റോഡ് എസ്‌യുവിയും വരുന്നു
ഓഫ്-റോഡ് എസ്‌യുവി വിഭാഗത്തിലേക്കും ഹ്യുണ്ടായി ചുവടുവയ്ക്കുകയാണ്. 2026 ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോയിൽ അവതരിപ്പിച്ച ബോൾഡർ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മോഡലായേക്കും ഇന്ത്യയിലെത്തുക. പുതിയ എസ്‌യുവികളിലൂടെ പെട്രോൾ, സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക്, ഓഫ്-റോഡ് വിഭാഗങ്ങളിൽ ഒരേസമയം സാന്നിധ്യം ശക്തമാക്കുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം. വരും വർഷങ്ങളിൽ ഇന്ത്യൻ എസ്‌യുവി വിപണിയിലെ മത്സരം ഇതോടെ കൂടുതൽ കടുക്കുമെന്നാണ് വിലയിരുത്തൽ.


