
ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ വില കുറച്ചു. 2017 ജൂണ്‍ 17 മുതലാണ് റോയല്‍ എന്‍ഫീല്‍ഡുകളില്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ജിഎസ്ടിയില്‍ 350 സിസിയ്ക്ക് താഴെ എന്‍ജിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് വില കുറയുന്ന സാഹചര്യത്തിലാണ് റോയല്‍ എന്‍ഫീല്‍ഡും വില കുറച്ചിരിക്കുന്നത്. ജിഎസ്‍ടിയുടെ പശ്ചാത്തലത്തില്‍ മോഡലുകളുടെ വില കുറയ്ക്കുന്ന രണ്ടാമത്തെ ടൂവീലര്‍ നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. മോഡലുകള്‍ക്ക് 4500 രൂപ വിലക്കിഴിവുമായി ബജാജാണ് ആദ്യം രംഗത്തെത്തിയത്. അതേസമയം, അതത് മോഡലുകളില്‍ എത്രത്തോളം വില കുറഞ്ഞു എന്നതില്‍ റോയല്‍ എന്‍ഫീല്‍ഡ് വ്യക്തത നല്‍കിയിട്ടില്ല.
റോയല്‍ എന്‍ഫീല്‍ഡ് ഇഎസ്, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് 350 മോഡലുകളിലാവും വില കുറയുക. ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ നേരത്തെ എത്തിക്കുന്നതിന്റെ ഭാഗമായാണ് മോഡലുകളുടെ വില കുറച്ചതെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി.
എന്നാല്‍, ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍, 350 സിസിയ്ക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് എല്ലാം വില കൂടും. മൂന്ന് മുതല്‍ 31 ശതമാനം വരെയാകും മോഡലുകളില്‍ വിലവര്‍ധനവ് രേഖപ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനങ്ങളെയും മോഡലുകളെയും അടിസ്ഥാനപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ച വിലക്കുറവ് വ്യത്യാസപ്പെടും.
ജൂലൈ ഒന്നിന് ജി എസ് ടി നിലവിൽ വരുന്നതോടെ ഇരുചക്രവാഹന വിഭാഗത്തിന്റെ നികുതി 28% ആയി കുറയും. നിലവിൽ ഈ വിഭാഗത്തിന്റെ നികുതി ബാധ്യത 30 ശതമാനത്തോളമാണ്. അതേസമയം 350 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് ജി എസ് ടിയിൽ മൂന്നു ശതമാനം അധിക സെസും ബാധകമാവും.മോഡൽ അടിസ്ഥാനമാക്കിയും സംസ്ഥാന അടിസ്ഥാനത്തിലും നികുതി ഇളവ് ഏറിയും കുറഞ്ഞുമിരിക്കുമെന്നു ബജാജ് ഓട്ടോയും വ്യക്തമാക്കിയിരുന്നു.
ജി എസ് ടിക്കു മുന്നോടിയായി ഫോഡ് ഇന്ത്യ, ഔഡി ഇന്ത്യ, ബി എം ഡബ്ല്യു ഇന്ത്യ, മെഴ്സീഡിസ് ബെൻസ് ഇന്ത്യ, ഫോര്‍ഡ് തുടങ്ങിയ കാർ നിർമാതാക്കളും വാഹന വിലയിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
