ഇരുചക്ര വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ഹോണ്ട പുതിയൊരു വാഹനത്തെ വിപണിയിലിറക്കാന്‍ തുടങ്ങുന്നുവെന്ന വാര്‍ത്ത വന്നതനു ശേഷം വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ആ കാത്തിരിപ്പുകള്‍ക്കൊക്കെ വിരാമമിട്ട് ആ വാഹന പുറത്തിറങ്ങിയിരിക്കുന്നു. പേര് ക്ലിഖ്. 42,499 രൂപയാണ് ക്ലിഖിന് നിശ്ചയിച്ചിരിക്കുന്ന വില.

കുറഞ്ഞ വിലയിൽ കൂടുതൽ ഇന്ധനക്ഷമതയാണ് ക്ലിഖിന്‍റെ വാഗ്ദാനം. കുറഞ്ഞ വിലയും കൂടുതല്‍ മൈലേജും നോക്കി വാഹനം തിരഞ്ഞെടുക്കുന്ന ഉപഭോക്താവിന് തിരഞ്ഞെടുക്കാവുന്ന ഒരു മോഡലാണിത്.

ആദ്യ കാഴ്ചയില്‍ നവിയോട് ഒരുപരിധി വരെ സാമ്യമുണ്ടെങ്കിലും നവിയില്‍ നിന്നും വ്യത്യസ്തമായി ബോഡിവര്‍ക്കുകള്‍ ക്ലിഖിനെ വേറിട്ടതാക്കുന്നു. വലുപ്പേറിയ ഫ്രണ്ട് എന്‍ഡ്, വലിയ സീറ്റ്, വര്‍ധിച്ച സ്‌റ്റോറേജ് കപ്പാസിറ്റി, റിയര്‍ എന്‍ഡില്‍ സ്‌കൂട്ടറിന് ലഭിച്ചിരിക്കുന്ന ട്യൂബുലാര്‍ ഗ്രാബ് റെയിലുകള് തുടങ്ങിയവ പ്രത്യേകതകളാണ്.

1745 എംഎം നീളവും 695 എംഎം വീതിയും 1039 എംഎം ഉയരവും 1241 വീല്‍ബേസും 154 എംഎം ഗ്രൗണ്ട് ക്ലിയറിന്‍സും വാഹനത്തിനുണ്ട്. രൂപംകൊണ്ട് ചെറുതാണെങ്കിലും നീളമേറിയ സീറ്റാണ് വാഹനത്തിന്റേത്.

109.19 സിസി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 7000 ആര്‍പിഎമ്മില്‍ 8.04 ബിഎച്ചപി കരുത്തും 8.94 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മണിക്കൂറില്‍ 83 കിലോമീറ്റര്‍ വേഗതയാണ് ക്ലിഖിന്റെ ടോപ്‌സ്പീഡ്. ഡിസ്‌ക് ബ്രേക്ക് ലഭ്യമല്ല, മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ്. എന്നാല്‍ ഹോണ്ടയുടെ കോംബി ബ്രേക്ക് സിസ്റ്റം സുരക്ഷ വര്‍ധിപ്പിക്കും.

റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ ക്ലിഖ് വിപണിയിലെത്തും. സീറ്റിനടിയല്‍ ഭേദപ്പെട്ട സ്‌റ്റോറേജ് സ്‌പേസിനൊപ്പം ചാര്‍ജിങ് സോക്കറ്റും നല്‍കിയിട്ടുണ്ട്. 3.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 42,499 രൂപയാണ് വില.

ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറുകളിലൊന്നാണ് ക്ലിഖ്. ക്ലിഖിലൂടെ പ്രാദേശിക വിപണി കീഴടക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം. ഇന്ത്യന്‍ ഇരുചക്രവാഹനവിപണയിലെ അനിഷേധ്യ സാനിധ്യമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. സ്‍കൂട്ടറുകളും ബൈക്കുകളുമൊക്കെയായി വിവിധ മോഡലുകളുടെ ഒരു നിരതന്നെയുണ്ട് ഹോണ്ടയ്ക്ക്. ഹോണ്ട നവിയ്ക്കു ശേഷം വിപണിയിലെത്തുന്ന വ്യത്യസ്ത വാഹനമാണ് ക്ലിഖ്.