ഷോപ്പിംഗിന് ഇറങ്ങുമ്പോള്‍ മഴ ഉണ്ടായിരുന്നില്ല. ടൗണിലെത്തിയപ്പോഴാണ് മഴ തുടങ്ങിയത്. പിന്നെന്തു ചെയ്യാന്‍? പുറത്തിറങ്ങിയാല്‍ മഴ നനയും. ഒടുവില്‍ ഒരു വഴി കണ്ടെത്തി. വാഹനം കടയ്ക്കകത്തു കയറ്റിനിർത്തി. സാധനത്തിന് ഓര്‍ഡറും നല്‍കി. ഈ വിരുതന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ചൈനയിലെ ഒരു സൂപ്പർമാർക്കറ്റിലാണ് സംഭവം. കടയ്ക്കു പുറത്തു പാർക്കിങ് സ്പേസ് കണ്ടെത്താനാവാത്തതു കൊണ്ടാകണം ഉപഭോക്താവ് കാർ കടയ്ക്കകത്തുകയറ്റി നിർത്തിയത്. കടയിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. കടയിലെ ചില്ലു വാതിലുകൾക്കും മറ്റു സാധനങ്ങൾക്കും കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിച്ചാണ് കടയിലേക്ക് കാര്‍ കയറിവരുന്നത്.

സാധനങ്ങൾ കാറിലിരുന്നു വാങ്ങിയതിനു ശേഷം ബില്ലും നൽകിയാണ് ഉപഭോക്താവു പിൻമാറിയത്. കടയ്ക്കുള്ളില്‍ കയറിയതിനു ചൂടാവാതെ പകരം ഉപഭോക്താവിനെ കാറില്‍ തന്നെ ഇരുത്തി, സാധനങ്ങളും ബില്ലും ബാക്കി പൈസയും നൽകുന്ന സൂപ്പർമാർക്കറ്റ് ജീവനക്കാരന്‍ സലാം പറഞ്ഞാണ് ഉപഭോക്താവിനെ യാത്രയാക്കുന്നത്. രസകരമായ വീഡിയോ കാണാം.