Asianet News MalayalamAsianet News Malayalam

കോടിക്കിലുക്കമുള്ള ഇന്ത്യക്കാര്‍ക്കായി അടിപൊളിയൊരു കാറുമായി ജപ്പാന്‍

ലെക്‌സസിന്‍റെ എല്‍സി 500എച്ച് ഇന്ത്യന്‍ വിപണിയില്‍ 

Lexus 500h launched in India
Author
Mumbai, First Published Feb 2, 2020, 9:53 AM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്റായ ലെക്‌സസിന്‍റെ എല്‍സി 500എച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.96 കോടി രൂപയാണ് വാഹനത്തിന്‍റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില. നിരവധി കസ്റ്റമൈസേഷന്‍, പേഴ്‌സണലൈസേഷന്‍ ഓപ്ഷനുകളും വാഹനത്തിലുണ്ട്. അങ്ങനെയെങ്കില്‍ വില പിന്നെയും വര്‍ധിക്കും. 

3.5 ലിറ്റര്‍, വി6 പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ് ഹൈബ്രിഡ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 300 എച്ച്പി കരുത്തും 348 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്ന് 177 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. ആകെ ഉല്‍പ്പാദിപ്പിക്കുന്ന 354 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും പിന്‍ ചക്രങ്ങളിലെത്തും. 

4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സിവിടിയുമായി ഇരട്ട ട്രാന്‍സ്മിഷനാണ് ലെക്‌സസ് എല്‍സി 500എച്ച് ഉപയോഗിക്കുന്നത്. 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനു സമാനമായി ഈ സവിശേഷ ട്രാന്‍സ്മിഷന്‍ പ്രവര്‍ത്തിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 4.7 സെക്കന്‍ഡ് മതി.

ലെക്സസ് വാഹനങ്ങളുടെ മുഖമുദ്രയായ സ്പിന്‍ഡില്‍ ഗ്രില്‍, L ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളോടുകൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. രണ്ട് ഡോര്‍ ഗ്രാന്‍ഡ് ട്യൂറര്‍ ആണ് LC 500h.

10.3 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. ഗിയര്‍ ലിവറിന് സമീപത്തെ ടച്ച്പാഡ് വഴി ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പത്ത് വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് (പവേര്‍ഡ്) എന്നിവ മറ്റ് സവിശേഷതകളാണ്. പത്ത് എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ക്രോസ് ട്രാഫിക് അലേര്‍ട്ട് സിസ്റ്റം, ഏത് വേഗതയിലും പ്രവര്‍ത്തിക്കുന്ന ലെക്സസിന്റെ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം, അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകള്‍, ലെയ്ന്‍ അസിസ്റ്റ്, തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങളാണ് വാഹനത്തില്‍ ഒരുങ്ങിയിരിക്കുന്നത്.

സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് സമാനമായ ബോഡി ലൈനുകളും, 21 ഇഞ്ച് അലോയ് വീലുകള്‍, കറുപ്പില്‍ പൊതിഞ്ഞ C -പില്ലറുകള്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് ആകര്‍ഷണങ്ങള്‍. എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റുകള്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പിന്‍ഭാഗത്തേക്ക് നീളമുള്ള ബോണറ്റും വാഹനത്തിന്റെ സവിശേഷതയാണ്.

ജാഗ്വാര്‍ എഫ് ടൈപ്പ് വി8, ബെന്റ്‌ലി കോണ്ടിനെന്റല്‍, മെഴ്‌സേഡസ് എഎംജി ജിടി എന്നിവയാണ് ഇന്ത്യയിലെ എതിരാളികള്‍. പൂര്‍ണമായി നിര്‍മിച്ചശേഷം കൂപ്പെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് (സിബിയു രീതി). മാര്‍ച്ച് മാസത്തില്‍ ഡെലിവറി ആരംഭിക്കും.

2017 -ല്‍ ആഗോള വിപണിയിലെത്തിയ LC 500h-നെ ലെക്സസ് 68-ഓളം വിപണികളില്‍ വില്‍ക്കുന്നുണ്ട്. ഇന്ത്യ 69-മത് വിപണിയാണെന്നും കമ്പനി അറിയിച്ചു. മെയ്ഡ് ഇന്‍ ഇന്ത്യ ലെക്‌സസ് ES300 h, NX 300h മോഡലുകളെയും അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 51.90 ലക്ഷം മുതല്‍ 60.60 ലക്ഷം രൂപ വരെയാകും ഈ മോഡലുകളുടെ വില.

Follow Us:
Download App:
  • android
  • ios