രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിച്ചു. ജനുവരി 10 മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു. വിപണിയില്‍ എത്തുന്ന എല്ലാ മാരുതി കാറുകള്‍ക്കും വിലവര്‍ധനവ് ബാധകമാണ്. 1,700 രൂപ മുതല്‍ 17,000 രൂപ വരെയാണ് വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2.45 ലക്ഷം രൂപ മുതൽ 11.29 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ നിറഞ്ഞതാണ് മാരുതിയുടെ ഇന്ത്യയിലെ ശ്രേണി. ഹാച്ച്ബാക്കായ ഓൾട്ടോ 800ൽ ആരംഭിച്ച് ക്രോസോവറായ എസ് ക്രോസ് വരെയുള്ള മോഡലുകളാണ് ഈ നിരയിലുള്ളത്. ഉത്പാദന-വിതരണ ചെലവ് ഏറിയതാണ് വിലവര്‍ധന നടപടികള്‍ക്ക് കാരണമെന്ന് മാരുതി അറിയിച്ചു.
നേരത്തെ ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ മാരുതി കാറുകളുടെ വിലയില്‍ മൂന്ന് ശതമാനം വിലക്കുറവ് രേഖപ്പെടുത്തിയിരുന്നു. ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് കാറുകളുടെ വില മാരുതി കുറച്ചത്. എന്നാല്‍ പുതിയ നികുതി ഘടനയെ അടിസ്ഥാനപ്പെടുത്തി സിയാസ് ഡീസല്‍ വകഭേദങ്ങള്‍ക്കും മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയില്‍ ഒരുങ്ങിയ എര്‍ട്ടിഗ എംപിവിയിലും ഒരു ലക്ഷം രൂപയിലേറെ വില വര്‍ദ്ധിച്ചു. മാരുതിക്ക് പുറമെ ഹ്യുണ്ടായി, ഹോണ്ട, മഹീന്ദ്ര, ഫോക്‌സ്‌വാഗണ്‍ ഉള്‍പ്പെടുന്ന കാര്‍ നിര്‍മ്മാതാക്കളും വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
