Asianet News MalayalamAsianet News Malayalam

17 സീറ്റുകളുമായി പുതിയ ടൊയോട്ട ഹയാസ്

ഹയാസ് വാനിന്‍റെ ആറാംതലമുറ പതിപ്പ് ടൊയോട്ട പുറത്തിറക്കി. ഫിലിപീന്‍സിലാണ് വാഹനം നിലവില്‍ പുറത്തിറക്കിയത്.  

New 2019 Toyota Hiace launched
Author
Philippines, First Published Feb 20, 2019, 10:31 PM IST

ഹയാസ് വാനിന്‍റെ ആറാംതലമുറ പതിപ്പ് ടൊയോട്ട പുറത്തിറക്കി. ഫിലിപീന്‍സിലാണ് വാഹനം നിലവില്‍ പുറത്തിറക്കിയത്.  2004 മുതല്‍ നിരത്തിലുള്ള അഞ്ചാംതലമുറ പതിപ്പിനെക്കാള്‍ വലുപ്പക്കാരനാണ് 2019 ഹയാസ്. ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍ (TNGA) അടിസ്ഥാനത്തില്‍ പുതിയ ബോഡിയിലാണ് ഹയാസിന്റെ നിര്‍മാണം. നോര്‍മല്‍/സ്റ്റാന്റേര്‍ഡ് റൂഫ്, ലോങ്/ഹൈ റൂഫ് എന്നീ രണ്ട് കാറ്റഗറിയില്‍ നിരവധി മാറ്റങ്ങളോടെയാണ് ഹയാസ് വാന്‍ അവതരിച്ചത്.

ബംബര്‍, ഹെഡ്‌ലാമ്പ്, മുന്നിലെ ഗ്രില്‍, റിയര്‍വ്യൂ മിറര്‍, ടെയില്‍ഗേറ്റ് എന്നിവയെല്ലാം പുതുക്കി. സെമി ബോണറ്റ് ഡിസൈന്‍ ഹയാസിനെ വേറിട്ടതാക്കുന്നു. ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, കൂടുതല്‍ കോംപാക്ടായ ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ യുഎസ്ബി പോര്‍ട്ട്, എല്‍ഇഡി റീഡിങ് ലൈറ്റ്, ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം എന്നിങ്ങനെ നീളും ഹയാസിലെ ഫീച്ചേഴ്‌സ്.  അഞ്ച് നിരകളിലായി 17 സീറ്റര്‍ ഓപ്ഷന്‍ വരെ ഹയാസിനുണ്ട്.   ട്രിപ്പില്‍/ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് (സീറ്റുകള്‍ക്കനുസരിച്ച്), എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കില്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കാല്‍നടയാത്രക്കാരെ തിരിച്ചറിഞ്ഞ് ബ്രേക്ക് നല്‍കാനുള്ള ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, റിയര്‍വ്യൂ ക്യാമറ, ഓപ്ഷണല്‍ ഡിജിറ്റല്‍ റിയര്‍ വ്യൂ മിറര്‍ തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തിനും യാത്രികര്‍ക്കുും സുരക്ഷയൊരുക്കും. 

3.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഹയാസിന്‍റെ ഹൃദയം. മൂന്ന് എന്‍ജിന്‍ ട്യൂണില്‍ ഡീസല്‍ എന്‍ജിന്‍ ലഭ്യമാകും. 163 ബിഎച്ച്പി/420 എന്‍എം ടോര്‍ക്ക്, 176 ബിഎച്ച്പി/420 എന്‍എം ടോര്‍ക്ക്, 176 ബിഎച്ച്പി/450 എന്‍എം ടോര്‍ക്ക് എന്നിങ്ങനെയാണ് എന്‍ജിന്‍ പവര്‍.  6 സ്പീഡ് മാനുവലിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും 2019 ഹയാസിനുണ്ട്.  പെട്രോള്‍ എന്‍ജിന്റെ കരുത്ത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. അതുപോലെ വാഹനം ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങളും വ്യക്തമല്ല. 

Follow Us:
Download App:
  • android
  • ios