സകല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാംഭാഗം. ബാഹുബലിയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി ആഢംബരകാര്‍ സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ എസ് എസ് രാജമൗലി എന്നാണ് പുതിയ വാര്‍ത്തകള്‍. ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെലൂണായ സെവന്‍ സീരീസാണ് രാജമൗലി സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 1.25 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള വാഹനം കഴിഞ്ഞ ദിവസമാണു രാജമൗലി സ്വന്തമാക്കിയത്. ബിഎംഡ്ബ്ലിയു പ്രതിനിധികള്‍ സംവിധായകന്‍റെ വീട്ടിലെത്തി വാഹനത്തിന്‍റെ താക്കോല്‍ കൈമാറി. രാജമൗലിയും ഭാര്യ രമ രാജമൗലിയും ചേര്‍ന്ന് കീ ഏറ്റുവാങ്ങി.
ബിഎംഡബ്ല്യൂ നിരയിലെ ഏറ്റവും മികച്ച ആഡംബരക്കാറുകളിനൊന്നാണ് സെവന്‍ സീരിസ്. 3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലിന് 262 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ 4.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് മോഡലിന് 450 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കുമാണ് ഉള്ളത്. 1.16 കോടി രൂപ മുതല്‍ 2.3 കോടി രൂപവരെയാണ് വിവിധ മോഡലുകളുടെ എക്‌സ്‌ഷോറൂം വില.
ഔഡിയുടെ ആഡംബരക്കാറും രാജമൗലിയുടെ ഗ്യാരേജില്‍ നേരത്തെ ഇടംനേടിയിരുന്നു. ഫാം ഹൗസ് നിര്‍മ്മിക്കുന്നതിനായി രാജമൗലി 100 ഏക്കര്‍ സ്ഥലം വാങ്ങിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ബിഎംഡ്ബ്ലിയു വാര്‍ത്തയും എത്തുന്നത്.
