സീനിയര്‍ സിറ്റിസന്‍ മൊബിലിറ്റി പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഓലയില്‍ 20 ശതമാനം ഡിസ്‌കൗണ്ട്. പദ്ധതിയില്‍ പങ്ക് ചേരുന്ന 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. മാസത്തിലെ ആദ്യ പത്ത് റൈഡുകള്‍ക്ക് ഇത് ബാധകമാകുക. കൂടാതെ ആദ്യ പത്ത് ഓല ഓട്ടോ യാത്രകളിന്മേല്‍ 15 ശതമാനം കിഴിവും മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിയുടെ ഭാഗമായി ഓല പ്രഖ്യാപിച്ചിട്ടുണ്ട്.
അഹമ്മദാബാദ്, നാഗ്പൂര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, മുംബൈ, പൂനെ നഗരങ്ങളിലാണ് നിലവില്‍ ഓല ഈ ഡിസ്‌കൗണ്ട് ലഭ്യമാക്കുക. ഡിസ്‌കൗണ്ട് ലഭിക്കുന്നതിനായി, ഓണ്‍ലൈന്‍ മുഖേന മുതിര്‍ന്ന പൗരന്മാര്‍ ഓലയുമായി രജിസ്റ്റര്‍ ചെയ്യണം. പേരും പ്രായവും വ്യക്തമാക്കുന്ന തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സമര്‍പ്പിക്കണം. തുടര്‍ന്ന് നടത്തുന്ന വെരിഫിക്കേഷന് ശേഷമാണ് ഡിസ്‍കൗണ്ടുകള്‍ ലഭിക്കുക.
യാത്രക്കാരുടെ സുഗമമായ സഞ്ചാരമാണ് ഓലയുടെ ലക്ഷ്യമെന്നും, രാഷ്ട്രത്തെ മികച്ച രീതിയില്‍ സേവിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദരമാണ് ഓലയുടെ പുതിയ പദ്ധതിയെന്നും കമ്പനി വ്യക്തമാക്കി.
