കൊച്ചി: കൊച്ചിയിലെ ഓൺലൈൻ ടാക്സി തൊഴിലാളികളുടെ സമരം പുതിയ വഴിത്തിരിവിലേക്ക്. സമരത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നു. തൊഴിലാളികൾ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ പരിശോധിച്ച് പരിഹരിക്കുമെന്ന് ചർച്ചക്ക് ശേഷം ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു. സർക്കാർ തലത്തിൽ നിയമനിർമ്മാണം കൊണ്ട് വരും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് തൊഴിലാളികളുടെ പ്രതികരണം.

ടാക്സി തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം പോലും കിട്ടുന്നില്ല, ഓൺലൈൻ ടാക്സി കമ്പനികൾ വൻ തുക കമ്മീഷൻ ഈടാക്കുന്നു, തുടങ്ങി തൊഴിലാളികളുടെ അവകാശലംഘമെന്നാരോപിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി എറണാകുളം കളക്ട്രേറ്റിന് മുന്നിൽ നിരാഹാര സമരം തുടരുകയാണ്. ഗതാഗതമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണർ ഓൺലൈൻ ടാക്സി കമ്പനി പ്രതിനിധികളും തൊഴിലാളികളുമായി ചർച്ച നടത്തിയത്.

ഓൺലൈൻ ടാക്സി കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കി. സർക്കാർ നിശ്ചയിച്ച ടാക്സി ചാർജ്ജിന്‍റെ പകുതി തുകയെങ്കിലും അടിയന്തരമായി ഉറപ്പാക്കണമെന്നാണ് ആവശ്യം. കൊച്ചി നഗരത്തിലെ സംയുക്ത തൊഴിലാളി സംഘടനയാണ് സമരം നടത്തുന്നത്. ഭാഗികമായി ഓൺലൈൻ ടാക്സി സർവ്വീസ് നഗരത്തിൽ നടക്കുന്നുണ്ട്.