ടുറിന്‍: പൂജ്യത്തില്‍ നിന്ന് നൂറിലെത്താന്‍ വെറും 2.5 സെക്കന്‍ഡ്. പരമാവധി വേഗം മണിക്കൂറില്‍ 350 കിലോമീറ്റര്‍. 1030 ബി എച്ച് പി കരുത്തുള്ള എഞ്ചിന്‍. ഞെട്ടേണ്ട. ഇത്രമാത്രമെന്ന് കരുതി ആശ്വസിക്കുകയും വേണ്ട. ലിറ്ററിന് 460 കിലോമീറ്റര്‍ മൈലേജുമുണ്ട്! പറഞ്ഞുവരുന്നത് ഒരു സൂപ്പര്‍കാറിനെ കുറിച്ചാണ്. ചൈനീസ് നിര്‍മ്മിതമായ ഒരു സൂപ്പര്‍ കാറിനെ കുറിച്ച്.
ടെക്‌റൂള്‍സ് എന്ന ചൈനീസ് സ്റ്റാര്‍ട്ടപ് കമ്പനിയാണ് ഈ സൂപ്പര്‍കാറിന്‍റെ നിര്‍മാതാവ്. കഴിഞ്ഞ ജനീവ ഓട്ടോ ഷോയില്‍ ഇവര്‍ അവതരിപ്പിച്ച ജിടി 96 എന്ന കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷനാണ് കാര്‍. ഈ കാറിനെ പറ്റിയുള്ള കമ്പനിയുടെ അവകാശവാദങ്ങളില്‍ ചിലതാണ് തുടക്കത്തില്‍ പറഞ്ഞത്.
തികച്ചും അവിശ്വസനീയമാണ് അവകാശവാദങ്ങളെങ്കിലും ഒരുമാസം കൂടി കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളൂ. ടി.ആര്‍.ഇ.വി (ടര്‍ബൈന്‍-റീച്ചാര്‍ജിങ് ഇലക്ട്രിക് വെഹിക്കിള്‍) ടെക്‌നോളജി എന്ന പേറ്റന്റുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തങ്ങള്‍ ഈ അത്ഭുതങ്ങള്‍ സാധ്യമാക്കുന്നതെന്നും വിമാനമാണ് ഈ വാഹനത്തിന്റെ പ്രചോദനമെന്നുമാണ് ടെക്‌റൂള്‍സ് പറയുന്നത്. മുന്നില്‍ ഒരു ഡ്രൈവിങ്ങ് സീറ്റും പിന്നില്‍ രണ്ട് സീറ്റുകളുമുള്ള കാറിന്റെ ഉള്‍വശം കോക്പിറ്റിനെ അനുസ്മരിപ്പിക്കും.
ഇറ്റാലിയന്‍ കാര്‍ ഡിസൈനര്‍മാരായ ജിയോര്‍ജെറ്റ ഗ്യുഗിയാരോയും മകന്‍ ഫബ്രിസിയോയും ചേര്‍ന്നാണ് ടെക്‌റൂള്‍സിന് വേണ്ടി വാഹനം രൂപകല്‍പ്പന ചെയ്തത്. കാറിന്റെ ഷാസി നിര്‍മ്മിച്ചത് ഇറ്റാലിയന്‍ മോട്ടോര്‍സ്‌പോര്‍ട്ട് വിദഗ്ധനായ എല്‍.എം. ജിയാനെറ്റയാണ്.
അടുത്ത മാസം ജനീവയില്‍ നടക്കുന്ന ഓട്ടോ ഷോയിലെ വലിയ കൗതുകങ്ങളിലൊന്ന് ഇതേവരെ പേരിട്ടിട്ടില്ലാത്ത സൂപ്പര്‍കാര്‍ ആയിരിക്കും. സൂപ്പര്‍ കാറിന്‍റെ വരവിനായി കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍.
