രാജ്യത്തെ ഇരുചക്രവാഹനവില്‍പ്പനയില്‍ ബജാജ് പള്‍സറിനെ കടത്തിവെട്ടി റോയല്‍ എന്‍ഫീല്‍ഡിന്‍റെ ക്ലാസിക് 350 മോഡല്‍. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേര്‍സ് (എസ്‍ഐഎഎം) ന്‍റെ കണക്കനുസരിച്ച് 2017 ജനുവരിയിലെ വില്‍പ്പനയിലാണ് പള്‍സറിനെ പിന്തള്ളി ക്ലാസിക്ക് 350 മുന്നിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഒമ്പതാം സ്ഥാനത്തായിരുന്ന ക്ലാസിക് 350 ആദ്യമായിട്ടാണ് അഞ്ചാം സ്ഥാനം നേടുന്നത്.

എസ്‍ഐഎഎമ്മിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ മാസം 39,391 ക്ലാസിക് 350 യൂണിറ്റുകളാണ് എന്‍ഫീല്‍ഡ് വിറ്റഴിച്ചത്. 2016 ജനുവരിയെ അപേക്ഷിച്ച് (27,362) 43.96 ശതമാനത്തിന്റെ അധിക വളര്‍ച്ചയാണ് ഐഷര്‍ മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 46,314 യൂണിറ്റ് വിറ്റഴിച്ച പള്‍സറിന് ഇത്തവണ 36,456 യൂണിറ്റുകള്‍ വില്‍പ്പന നടത്താനെ സാധിച്ചുള്ളു. എന്നാല്‍ മികച്ച ഇന്ധനക്ഷമതയുള്ള ബജാജ് പ്ലാറ്റിന ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിച്ചു.

പതിവുപോലെ കഴിഞ്ഞ മാസവും ഹീറോ മോട്ടോര്‍സ് തന്നെ ആദ്യ രണ്ടു സ്ഥാനങ്ങളും നിലനിര്‍ത്തി. സ്‌പ്ലെന്‍ഡര്‍ തന്നെയാണ് ഒന്നാംസ്ഥാനത്ത്. എച്ച്.ഫ് ഡിലക്‌സിനു രണ്ടാം സ്ഥാനവും. സിബി ഷൈനുമായി ഹോണ്ടയാണ് മൂന്നാം സ്ഥാനത്ത്.

വില്‍പ്പനയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നാലെണ്ണം ഹീറോയില്‍ നിന്നും തന്നെയാണ്.