Asianet News MalayalamAsianet News Malayalam

റോയല്‍ പ്രേമികള്‍ക്കായി ഇതാ വരുന്നൂ ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക്

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ക്ലാസിക് 500 മോട്ടോര്‍സൈക്കിളിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വരുന്നൂ. 

Royal Enfield Classic 500 Tribute black
Author
Mumbai, First Published Feb 2, 2020, 3:25 PM IST

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ക്ലാസിക് 500 മോട്ടോര്‍സൈക്കിളിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വരുന്നൂ. 

ക്ലാസിക്, ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ് എന്നീ മോഡലുകളുടെയെല്ലാം കരുത്ത് 500 സിസി എഞ്ചിനായിരുന്നു. എന്നാല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന് മുമ്പായി എഞ്ചിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ  ബിഎസ് 4 പാലിക്കുന്ന 499 സിസി യുസിഇ എന്‍ജിന് ആദരമര്‍പ്പിച്ച് ‘ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക്’ എന്നു പേരിട്ട ബൈക്കാണ് വിപണിയിലെത്തുന്നത്. ഫെബ്രുവരി 10 ന് ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തും. ക്ലാസിക് 500 മോട്ടോര്‍സൈക്കിള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 499 സിസി ലോംഗ് സ്‌ട്രോക്ക് യുസിഇ (യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിന്‍) എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിക്കുന്നില്ല.

499 സിസി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, 4 സ്‌ട്രോക്ക്, ട്വിന്‍ സ്പാര്‍ക്ക് എന്‍ജിന്‍ ഉപയോഗിക്കുന്ന അവസാന യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എന്ന പേരില്‍ വില്‍ക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോയല്‍ എന്‍ഫീല്‍ഡിന്റെ തിരുവൊട്ടിയൂര്‍ ഫാക്റ്ററിയില്‍ കൈ കൊണ്ടായിരിക്കും ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കുന്നത്. പൂര്‍ണമായും കറുത്ത പെയിന്റ് സ്‌കീം നല്‍കും. എങ്കിലും മുന്‍, പിന്‍ ഫെന്‍ഡറുകളിലും ഇന്ധന ടാങ്കിലും റിമ്മുകളിലും ഓറഞ്ച് നിറ സാന്നിധ്യം ഉണ്ടായിരിക്കും. സീറ്റുകളില്‍ ഓറഞ്ച് ലൈനിംഗ് നല്‍കും. 

അതേസമയം ബൈക്കിന്റെ വില സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഡ്യുവല്‍ ടോണ്‍ ഫിനിഷുമായാണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ വിപണിയില്‍ എത്തുന്നത്. ഓരോ യൂണിറ്റിലും ക്ലാസിക് 500 'End of Build Specials' എന്ന് എഴുതിയിരിക്കുന്നത് കാണാം. 

499 സിസി എന്‍ജിന്‍ 5,250 ആര്‍പിഎമ്മില്‍ 27.2 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 41.3 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് ആണ് ട്രാന്‍സ്മിഷന്‍.

താല്‍പ്പര്യമുള്ളവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 500 എണ്ണം മാത്രമായിരിക്കും വില്‍പ്പനയ്ക്ക് എത്തുന്നത്.  50,000 രൂപയാണ് ബുക്കിങ് തുക. ബുക്കിങ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ബുക്കിങ് തുക തിരികെ ലഭിക്കില്ലെന്നും കമ്പനി അറിയിച്ചു.

ഏപ്രില്‍ മാസത്തോടെ ഇന്ത്യയില്‍ ബിഎസ് 6 മലിനീകരണ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ 500 സിസി മോഡലുകളുടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. 500 സിസി ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകളിലേക്ക് ബിഎസ് VI നവീകരണം നടപ്പാക്കുന്നത് ആഭ്യന്തര വിപണികള്‍ക്ക് അപ്രാപ്യമാണെന്ന് കമ്പനി പറയുന്നു. പുതിയ മലിനാകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എഞ്ചിനുകള്‍ നവീകരിക്കുന്നതിനുള്ള ഉയര്‍ന്ന ചെലവാണ് ഇതിന് കാരണം.

കഴിഞ്ഞ കുറേ കാലമായി 500 സിസി ബൈക്കുകളുടെ വില്‍പ്പനയില്‍ വന്‍ ഇടിവാണ് കമ്പനി നേരിടുന്നത്. ഉയര്‍ന്ന ഡിമാന്‍ഡ് തുടരുന്ന 350 സിസി ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ നവീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നേരത്തെ തന്നെ റോയല്‍ എന്‍ഫീല്‍ഡ് സൂചിപ്പിച്ചിരുന്നു.

മാര്‍ച്ച് 31 -ഓടെ ബിഎസ്6 എഞ്ചിന്‍ നിലവാരത്തിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അവസാനിക്കും. അതേസമയം അന്താരാഷ്ട്ര വിപണികളില്‍ UCE 500 സിസി എഞ്ചിനുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ തുടര്‍ന്നും ലഭ്യമാവും.

Follow Us:
Download App:
  • android
  • ios