Asianet News MalayalamAsianet News Malayalam

വലിപ്പം കൂട്ടിയെത്തുന്ന ഹെക്ടറിന് പുതിയ പേരിട്ട് ചൈനീസ് കമ്പനി

എംജി ഹെക്ടര്‍ എസ്‌യുവിയുടെ 7 സീറ്റര്‍ പതിപ്പിന് കമ്പനി പേരിട്ടു

Seven Seater MG Hector Named
Author
Mumbai, First Published Feb 2, 2020, 9:37 AM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ്.

നിലവില്‍ അഞ്ച് സീറ്ററാണ് ഈ വാഹനം. ഏഴ് സീറ്റര്‍ പതിപ്പ് നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് എംജി. ഇപ്പോള്‍ ഹെക്ടര്‍ എസ്‌യുവിയുടെ 7 സീറ്റര്‍ പതിപ്പിനിട്ട പേര് പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. എംജി ഗ്ലോസ്റ്റര്‍ എന്ന പേരിലായിരിക്കും വാഹനം ഇന്ത്യന്‍ വിപണിയിലെത്തുന്നത്. എസ്‌യുവിയുടെ ടീസര്‍ ചിത്രവും എംജി മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടു. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ എംജി ഗ്ലോസ്റ്റര്‍ പ്രദര്‍ശിപ്പിക്കും. ഇന്തോനേഷ്യയില്‍ വില്‍ക്കുന്ന വൂളിംഗ് അല്‍മാസ് എന്ന 7 സീറ്ററുമായി ടീസര്‍ ചിത്രത്തിലെ വാഹനത്തിന് സാമ്യമുണ്ട്. 

അഞ്ച് സീറ്റര്‍ എംജി ഹെക്ടര്‍ എസ്‌യുവിയില്‍നിന്ന് വളരെ വ്യത്യസ്തമായിരിക്കില്ല 7 സീറ്റര്‍ എംജി ഗ്ലോസ്റ്റര്‍. എന്നാല്‍ ഹെഡ്‌ലാംപ് ഹൗസിംഗില്‍ ത്രികോണാകൃതിയുള്ള സില്‍വര്‍ ഇന്‍സെര്‍ട്ടുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് പുതിയ പാറ്റേണ്‍, പരിഷ്‌കരിച്ച ടെയ്ല്‍ലാംപുകള്‍ എന്നീ മാറ്റങ്ങള്‍ കണ്ടേക്കും.

അവസാന നിരയില്‍ രണ്ട് അധിക സീറ്റുകള്‍ നല്‍കുമെങ്കിലും വലുപ്പം ഹെക്ടര്‍ എസ്‌യുവിയുടേതു തന്നെ ആയിരിക്കും. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,655 എംഎം, 1,835 എംഎം, 1,760 എംഎം എന്നിങ്ങനെ. വീല്‍ബേസിലും മാറ്റം വരില്ല. 2,750 എംഎം തന്നെ. നിലവില്‍ ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവികള്‍ക്കിടയില്‍ ഏറ്റവും നീളം കൂടിയവനാണ് എംജി ഹെക്ടര്‍. വാഹനത്തിനകത്തെ സ്ഥലസൗകര്യത്തിന്റെ കാര്യത്തിലും ഒന്നാമന്‍.

എതെല്ലാം എന്‍ജിനുകള്‍ നല്‍കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ സ്ഥിരീകരണമില്ല. എങ്കിലും ഹെക്ടര്‍ എസ്‌യുവി ഉപയോഗിക്കുന്നതും ഫിയറ്റില്‍നിന്ന് വാങ്ങിയതുമായ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനും നല്‍കുമെന്ന് പ്രതീക്ഷിക്കാം. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെയ്ക്കും. 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് വേര്‍ഷനില്‍ ഓപ്ഷണലായി ഡിസിടി നല്‍കിയേക്കും.

താരതമ്യേന എതിരാളികള്‍ കുറഞ്ഞ വാഹനമായിരിക്കും ഹെക്ടറിന്റെ സെവന്‍ സീറ്റര്‍. ഹെക്ടറിന്റെ എതിരാളി ടാറ്റ ഹാരിയര്‍ ആയതിനാല്‍ തന്നെ ഏഴ് സീറ്റര്‍ ഹെക്ടറിന്റെ എതിരാളി ഹാരിയറിന്റെ ഏഴ് സീറ്റര്‍ മോഡലാകുന്ന ഗ്രാവിറ്റാസ് ആയിരിക്കും. എന്നാല്‍, ഗ്രാവിറ്റാസിനെക്കാള്‍ വലിപ്പം ഹെക്ടറിനായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമുള്ള വാഹനത്തിന്‍റെ ഇതുവരെയുള്ള വില്‍പ്പന 15,000 കടന്നു. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.

അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.   വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്.  12.48 ലക്ഷം മുതൽ 17.28 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്‍റെ മുഖ്യ എതിരാളികള്‍.

ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവിയായാണ് ഹെക്ടര്‍.  4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്.  2,750 mm ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട്. ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്.

പ്രാരംഭ മോഡലാണ് സ്‌റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും. പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്‌നോളജി പിന്തുണയുമുണ്ടാകും. മുന്‍ വീല്‍ ഡ്രൈവായാണ് ഹെക്ടര്‍ മോഡലുകള്‍ വിപണിയിലെത്തുക.

എഫ്‌സിഎയില്‍ നിന്നും കമ്പനി കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 14.1 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ ഹെക്ടര്‍ പെട്രോള്‍ മാനുവല്‍ മോഡല്‍ കാഴ്ച്ചവെച്ചത്.  പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ 13.9 കിലോമീറ്ററും ഡീസല്‍ മാനുവല്‍ മോഡല്‍ 17.4 കിലോമീറ്ററുമാവും ഇന്ധനക്ഷമത. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങള്‍ എംജി ഹെക്ടറില്‍ ഒരുങ്ങും.

നിലവില്‍ ലഭിച്ചിരിക്കുന്ന ബുക്കിങ്ങുകളില്‍  കൂടുതല്‍ ആവശ്യക്കാരും ഉയര്‍ന്ന വകഭേദങ്ങളായ സ്‍മാര്‍ട്ട്, ഷാര്‍പ്പ് മോഡലുകള്‍ക്കാണ്. ഇതില്‍ 50 ശതമാനം ആളുകളും പെട്രോള്‍ മോഡലാണ് തിരഞ്ഞെടുത്തതെന്നും എംജി വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios