മുംബൈ: വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടാറ്റയുടെ പ്രീമിയം അർബൻ സെഗ്മെന്റിലുള്ള ഏറ്റവും പുതിയ ഹാച്ച്ബാക്കിന് പേരിട്ടു.  'അൾട്രോസ്' എന്നാണ്  വാഹനത്തിന്‍റെ പേര്. 'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്. 2019 പകുതിയോടെ നിരത്തിലെത്തുന്ന വാഹനം ഇത്രനാളും 45X എന്ന കോഡ് നാമത്തിലായിരുന്നു അറിയപ്പെട്ടിരുന്നത്.

വാഹനത്തിന്‍റെ പേര് സംബന്ധിച്ച് കഴിഞ്ഞദിവസം വരെ നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. അക്വില എന്ന പേരാണ് ഏറ്റവും ഒടുവില്‍ പറഞ്ഞുകേട്ടത്. ഇറ്റാലിയന്‍ വാക്കായ അക്വിലയുടെ അര്‍ഥം കഴുകന്‍ എന്നാണ്. പക്ഷേ ഒടുവില്‍ അള്‍ട്രോസ് എന്ന പേരു നല്‍കുകയായിരുന്നു. ടാറ്റയുടെ കാറുകള്‍ക്ക് പക്ഷികളുടെ പേര് നല്‍കുന്നത് സാധാരണമാണ്. 

2018 ഓട്ടോ എക്സ്പോയിലായിരുന്നു 45എക്സ് എന്ന കൺസെപ്റ്റ് മോഡലിന്‍റെ ആദ്യാവതരണം. സ്പീഡിലും കാര്യക്ഷമതയിലും ക്യാബിൻ  സ്‌പേസിലും സെഗ്മെന്റിലെ ഏറ്റവും മികച്ച ലോകോത്തര സവിഷേതകളുമായി ഉപഭോക്താക്കളെ വിസ്‍മയിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ അൾട്രോസ്. 

ആൽഫാ ആർക്കിടെക്ച്ചറിൽ(ALFA) ടാറ്റയുടെ ആദ്യ വാഹനമാണ് അൾട്രോസ്. ഭാരം കുറഞ്ഞ മോഡുലാർ ഫ്ലെക്സിബിൾ സവിശേഷതകൾ ഉൾക്കൊള്ളുന്ന പുതിയ വാഹനം ഇംപാക്ട് 2.0ഡിസൈനിലാണ് നിർമിക്കുക.  

ഹാച്ച് ബാക്ക് സെഗ്മെന്റിൽ ടിയാഗോ, സെഡാൻ വിഭാഗത്തിൽ ടിഗോർ, സുരക്ഷയിൽ 5 സ്റ്റാർ റേറ്റിംഗ് നേടിയ ആദ്യ ഇന്ത്യൻ വാഹനമായ നെക്‌സോൺ തുടങ്ങി  വിവിധവിഭാഗങ്ങളിലായി വാഹന വിപണിയിൽ വൻ മുന്നേറ്റമാണ് ടാറ്റ മോട്ടോർസ് കാഴ്ചവെക്കുന്നത്. ആകർഷക ഡിസൈനും, കരുത്തും,  നൂതന സാങ്കേതിക വിദ്യയും കൊണ്ട് കോംപാക്ട് എസ് യു വി വിപണിയെ ഞെട്ടിച്ച ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ വാഹനമായ ഹാരിയറിന്റെ തുടർച്ചയെന്നോണമാണ് ടാറ്റ മോട്ടോർസ് പ്രീമിയം ഹാച്ച് ബാക്ക് സെഗ്മെന്റിലേക്ക് രംഗ പ്രവേശം ചെയ്യുന്നത്. 

ഉപഭോക്താക്കൾക്ക് ബ്രാൻഡ് അൾട്രോസിന്റെ, 45എക്സ് കോൺസെപ്റ്റ് മോഡൽ മുതൽ അൾട്രോസ് നിരത്തിൽ ഇറങ്ങുന്നതുവരെയുള്ള  പരിണാമ ഘട്ടങ്ങൾ പിന്തുടരാൻ ഇൻസ്റ്റഗ്രാമിൽ @TataAltrozOfficial,  ടാറ്റ  മോട്ടോർസ്  ഫേസ്ബുക്  പേജിൽ  @TataMotorsGroup, ട്വിറ്റർ @TataMotors എന്നിവ പിന്തുടരാം. 

നെക്സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് പ്രതീക്ഷിക്കുന്നത്. ബലേനോയ്ക്കും ഐ 20 ക്കുമൊപ്പം ഹോണ്ട ജാസും വാഹനത്തിന്‍റെ മുഖ്യ എതിരാളികളായിരിക്കും.

വരാനിരിക്കുന്ന ഏറ്റവും പുതിയ മോഡൽ പ്രഖ്യാപിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ്  മായങ്ക് പരീഖ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഏറ്റവും മികച്ച ഭാവിയുടെ ഡിസൈൻ,  നൂതന സാങ്കേതിക വിദ്യ,  സവിശേഷ ആർക്കിടെക്ചർ, കണക്റ്റിവിറ്റി ഓപ്‌ഷനുകൾ,  ആവേശം ജനിപ്പിക്കുന്ന പ്രകടനം തുടങ്ങിയവയോടെ പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തിന്‍റെ പരിധികൾ പുനർനിർണ്ണയിക്കുന്ന ടാറ്റ അൾട്രോസ് 2019 മധ്യത്തോടെ നിരത്തിലെത്തും. കൃത്യമായ ഇടവേളകളിൽ ഉപഭോക്തൃ താല്പര്യം മുൻനിർത്തി സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ലോകോത്തര മോഡലുകൾ ടാറ്റ മോട്ടോഴ്‍സ് നിരത്തിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.