വാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടാറ്റ മോട്ടോഴ്‍സിന്റെ ഏറ്റവും പുതിയ എസ്‍യുവിയായ  ഹാരിയർ അടുത്തിടെയാണ് നിരത്തിലെത്തിയത്. ലാന്‍ഡ് റോവറിന്‍റെ രൂപഭാവത്തില്‍ എത്തിയ വാഹനത്തിന്‍റെ ഓട്ടോമാറ്റിക്ക് പതിപ്പും ഉടന്‍ അവതരിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍.  ഈ വര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിന്‍റെ പരീക്ഷണഓട്ട ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഓട്ടോമാറ്റിക്കിലും. 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. ഹ്യുണ്ടായില്‍ നിന്നെടുത്ത 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടബിള്‍ ഓട്ടോമാറ്റിക് യൂണിറ്റായിക്കും ഹാരിയറില്‍ നല്‍കുക. നിലവില്‍ 12.69 ലക്ഷം മുതല്‍ 16.25 ലക്ഷം വരെയാണ് ഹാരിയര്‍ മാനുവലിന്റെ എക്സ്ഷോറൂം വില. എന്നാല്‍ ഓട്ടോമാറ്റിക് പതിപ്പിന് ഒരു ലക്ഷം രൂപ വരെ വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ ഏറ്റവും ആധുനികമായ സുരക്ഷാ സംവിധാനങ്ങളാണ് ഹാരിയറിൽ ഒരുക്കിയിരിക്കുന്നത് . സുരക്ഷക്കായി അധികമായി ഏർപ്പെടുത്തിയ 14 ഫീച്ചറുകൾക്ക് പുറമേ അഡ്വാൻസ്ഡ് ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്‍പി) വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആറ് എയർബാഗുകൾ, കുട്ടികൾക്കായുള്ള സീറ്റ് എന്നിവ വാഹനത്തിലുണ്ട്. 

8.8 ഹൈ റെസലൂഷൻ ഡിസ്‍പ്ലേ സഹിതമുള്ള ഫ്ലോട്ടിംഗ് ഐലന്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ആൻഡ്രോയ്ഡ് ഓട്ടോ , ആപ്പിൾ കാർ പ്ലേ, കണക്ട് നെക്സ്റ്റ് ആപ്പ് സ്യൂട്ട് (ഡ്രൈവ് നെക്സ്റ്റ്, ടാററാ സ്മാർട്ട് റിമോട്ട്, ടാറ്റാ സ്മാർട്ട് മാനുവൽ) , വീഡിയോ ആന്‍ഡ് ഇമേജ് പ്ലേ ബാക്ക്, വോയ്സ് റെക്കഗനിഷൻ , എസ്എംസ് റീഡ്ഔട്ട് തുടങ്ങിയവ വാഹനത്തിന്‍റെ പ്രത്യേകതകളാണ്.